മാവേലിക്കര: ഒന്നുമാഗ്രഹിച്ചായിരുന്നില്ല അന്ന് ലേഖ നമ്പൂതിരി തന്റെ വൃക്കക്കളിലൊന്ന് ഒരു പാവം രോഗിക്ക് പകുത്തു നല്കിയത്. ലക്ഷങ്ങളുടെ വാഗ്ദാനവുമായി വന്നവരെ ഒഴിവാക്കിയായിരുന്നു വൃക്കദാനം. സംഭവം പുറത്തു പറഞ്ഞതിന് വൃക്ക സ്വീകരിച്ചയാള്‍ പിന്നീട് കലഹിച്ചു. ലേഖയുടെ മഹാമനസ്‌കതയെ വാഴ്ത്തി പണവും വീടുമൊക്കെ വാഗ്ദാനം ചെയ്തവര്‍ വാക്കു തെറ്റിച്ചു. ദാരിദ്ര്യത്തിലും കുഞ്ഞുവീട്ടില്‍ ഉള്ളതുകൊണ്ടു കഴിഞ്ഞുപോന്ന ഈ യുവതി പക്ഷേ ഇപ്പോള്‍ വിധിയുടെ മറുവശത്താണ്.

നട്ടെല്ലിലെ രോഗം ലേഖയെ ആസ്​പത്രിയിലെത്തിച്ചിരിക്കുകയാണ്. തലച്ചോറില്‍ നിന്നുള്ള പ്രധാന രക്തധമനി നട്ടെല്ലിനുള്ളില്‍ ഞെരുങ്ങിയിരിക്കുന്നതാണ് പ്രശ്‌നം. ശസ്ത്രക്രിയയാണ് ഒരു പോംവഴി. പക്ഷേ, ശസ്ത്രക്രിയ പാളിയാല്‍ അരയ്ക്ക് താഴെ തളരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

ഇപ്പോള്‍, പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവോ മക്കളോ സഹായിച്ചാണ് അടുത്ത മുറിയിലേക്ക് പോലും പോകുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ ജീവിതം ദുരിതപൂര്‍ണമായി.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയില്‍ ലേഖ എം.നമ്പൂതിരി(31)യുടെ കഥ 2014ലെ ലോകവൃക്കദിനത്തില്‍ 'മാതൃഭൂമി'യിലൂടെയാണ് പുറംലോകമറിഞ്ഞത്. പതിനഞ്ച് ലക്ഷം രൂപയും വീടുമെന്ന വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ചാണ് പട്ടാമ്പിക്കാരന്‍ ഷാഫി നബാസിന് തന്റെ വൃക്കകളിലൊന്ന് ലേഖ നല്കിയത്. രണ്ട് മക്കളെ അനാഥാലയത്തിലാക്കി വാടകമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയവെ ലേഖ ചെയ്ത സല്‍പ്രവൃത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുറത്തറിഞ്ഞത്.

വിവിധ സംഘടനകളും വ്യക്തികളും സഹായവാഗ്ദാനങ്ങളുമായെത്തി. മിക്കതും വാഗ്ദാനമായി അവശേഷിച്ചു. ഇതിനിടെ മാവേലിക്കരയില്‍ ഒരു സംഘടനയുടെ ചടങ്ങില്‍ അന്നത്തെ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് ആര്‍.നടരാജന്‍ ലേഖയ്ക്കുള്ള പുതിയ വീടിന്റെ താക്കോല്‍ കൈമാറി.

വേദി വിട്ടിറങ്ങിയ ലേഖയുടെ കൈയില്‍നിന്ന് സംഘാടകര്‍ താക്കോല്‍ തിരിച്ചുവാങ്ങി. സംഘാടകരിലൊരാളിന്റെ കാറിന്റെ താക്കോലാണ് വീടിന്റേതെന്ന പേരില്‍ കൊടുത്തതെന്ന് പരാതികളില്ലാതെ ലേഖ പറയുന്നു.
വൃക്കദാനം വാര്‍ത്തയായതോടെ വൃക്ക സ്വീകരിച്ച യുവാവ് പോലും ലേഖയെ തള്ളിപ്പറഞ്ഞു. അന്യമതസ്ഥയായ സ്ത്രീയില്‍നിന്ന് വൃക്ക സ്വീകരിച്ചെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ അവമതിപ്പുണ്ടാക്കിയെന്നായിരുന്നു അയാളുടെ പരാതി.

ഇതിനിടെ ചില സുമനസ്സുകളുടെ സഹായത്താല്‍ ചെന്നിത്തല കോട്ടമുറി ജങ്ഷനില്‍ ലേഖ ചെറിയ രീതിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരുന്നു. ബാങ്ക് വായ്പയും സ്വകാര്യ വായ്പകളും ചേര്‍ത്ത് ചെട്ടികുളങ്ങര കണ്ണമംഗലത്ത് പുഞ്ചയോട് ചേര്‍ന്ന് ഒന്നര സെന്റും ചെറിയ വീടും സ്വന്തമാക്കി.

അങ്ങനെയിരിക്കെയാണ് നടുവേദന ലേഖയുടെ ജീവിതത്തില്‍ വില്ലനായി കടന്നുവരുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഒരു മാസം മുമ്പ് പൂട്ടി. മഴ കനത്തതോടെ ലോറി ഡ്രൈവറായ ഭര്‍ത്താവിന് തൊഴിലുമില്ല. വീടിന്റെ വായ്പത്തുക മാസങ്ങളായി കുടിശ്ശികയാണ്. വിദഗ്ധ ചികിത്സയ്ക്കാവശ്യമായ വന്‍തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഉഴലുകയാണ് ലേഖയുടെ കുടുംബം.
Credit: http://www.mathrubhumi.com/print-edition/kerala/mavelikkara-malayalam-news-1.1114441