Skip to main content

ആഹാരകാര്യം നിസ്സാരമല്ല





ആഹാരകാര്യം നിസ്സാരമല്ല


നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകത്തുകയാണെന്നിരിക്കെ, ഭക്ഷണകാര്യങ്ങളില്‍ അല്പം പോലും ശ്രദ്ധവെക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയും ഉദരരോഗങ്ങളും ഏറിവരുമ്പോള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ.
സൗകര്യപ്രദവും കൃത്രിമത്വത്തിന്റെ മനം മയക്കുന്ന സ്വാദുള്ളതുമായ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ഥിസമൂഹവും വര്‍ധിച്ചുവരുന്നു. ബര്‍ഗര്‍, പിസ്സ, സമൂസ, ഫിംഗര്‍ ചിപ്‌സ്, പഴംപൊരി, പഫ്‌സ്. സിന്തറ്റിക് ഡ്രിങ്കുകള്‍ ഇവയ്‌ക്കൊത്ത പ്രിയമേകുമ്പോഴും അവയിലെ അപകടസാധ്യതകളെക്കുറിച്ച് നാം ബോധമുള്ളവരാകണം. ബേക്കറി പലഹാരങ്ങളില്‍ പലതിലും ഡാല്‍ഡ ഉപയോഗിക്കാറുണ്ട്. നിക്കല്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ ഡാല്‍ഡ ആരോഗ്യത്തിന് നന്നല്ല. ഭക്ഷണശാലകളില്‍ പലയാവര്‍ത്തി ചൂടാക്കിയെടുക്കുന്ന എണ്ണയുടെ ഉപേയാഗവും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകാം. ചീത്ത കൊളസ്‌ട്രോളും ഹൃദ്രോഗവുമൊക്കെ കാശുകൊടുത്തുവാങ്ങുകയാണ് ട്രാന്‍സ്ഫാറ്റി ആസിഡുകളടങ്ങിയ ബേക്കറി, ഫാസ്റ്റ്ഫുഡിനങ്ങള്‍ അകത്താക്കുമ്പോള്‍ നടക്കുന്നത്.
സ്വാദ് കൂട്ടുവാനുപയോഗിക്കുന്ന ചീസ്, അമിതഅളവിലെ പഞ്ചസാര ഇവയുടെ സ്ഥിരമായ ഉപയോഗം അമിതവണ്ണത്തിനും കാരണമാകും. ഫാസ്റ്റ്ഫുഡുകളില്‍ പലതിലും നിറത്തിനും രുചിക്കും വേണ്ടി ചേര്‍ക്കുന്ന കൃത്രിമ രാസവസ്തുക്കള്‍ വഴി ശരീരത്തില്‍ എത്തിച്ചേരുന്നത് ചെറിയ അളവിലുള്ള വിഷാംശം തന്നെ. കാലക്രമേണ രോഗാവസ്ഥകളിലേക്ക് നയിക്കുവാന്‍ ഇവ ധാരാളം.
ദീര്‍ഘകാലം കേടു കൂടാതെ ഇരിക്കാന്‍ ഉയര്‍ന്ന തോതില്‍ ചേര്‍ക്കപ്പെടുന്ന ഉപ്പും മറ്റും രുചിയുടെ ആധിക്യത്താല്‍ തിരിച്ചറിയപ്പെടാതെ പോകുന്നു, കെച്ചപ്പുകള്‍, ഹാം, സോസേജുകള്‍ ഇവയൊക്കെ കഴിക്കുമ്പോള്‍ അകത്താക്കുന്നത് കൃത്രിമനിറവും ഗന്ധവും രുചിയുമൊക്കെ കൊടുക്കുന്ന രാസപദാര്‍ഥങ്ങളാണ്. വറുത്തതും പൊരിച്ചതും അമിതമായി കഴിക്കുന്നത് അമിതദാഹത്തിന് വഴിയൊരുക്കുന്നു.
സിന്തറ്റിക് പാനീയങ്ങള്‍ ഒട്ടുംതന്നെ ആരോഗ്യകരവുമല്ല. അമിതമായി ഉള്ളിലെത്തുന്ന എണ്ണയും മസാലകളും ദഹനവ്യവസ്ഥയെ പാടേ തകിടം മറിക്കുന്നു.
സ്‌കൂള്‍കുട്ടികള്‍ക്ക്, പ്രഭാതഭക്ഷണം കഴിക്കുവാന്‍ സമയമില്ലാത്ത ഒരു കാലഘട്ടമാണിത്. 10-12 മണിക്കൂര്‍ നേരത്തെ ഉപവാസത്തിനുശേഷം കഴിക്കേണ്ടതായ പ്രഭാതഭക്ഷണം മുടക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. ഒരുദിവസത്തെ മുഴുവന്‍ പ്രവൃത്തികള്‍ക്കുമുള്ള ഊര്‍ജവും ശരീരം കണ്ടെത്തുന്നത് ഗുണമേന്മയുള്ള പ്രഭാതഭക്ഷണത്തില്‍നിന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
അതിനാല്‍ പ്രഭാതഭക്ഷണം കാതലുള്ളതുതന്നെയാകണം. പ്രഭാതഭക്ഷണം കഴിക്കാതെ, ഉച്ചയോടടുക്കുമ്പോള്‍ പെറോട്ടയും ബീഫും തട്ടിവിടുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ഉദരത്തോട് ചെയ്യുന്ന കൊടുംക്രൂരതയാണ്. ഗുരുത്വമുള്ള ഇത്തരം ഭക്ഷണവസ്തുക്കള്‍, ദീര്‍ഘനേരത്തെ ഉപവാസത്തിനുശേഷം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. വളരെനേരം ഭക്ഷണം കഴിക്കാതിരുന്നാല്‍, ആമാശയത്തില്‍ അസിഡിറ്റി വര്‍ധിക്കുകയും ആമാശയത്തിലെ ശ്ലേഷ്മസ്തരങ്ങളെ ദ്രവിപ്പിച്ച്, സുഷിരങ്ങളുണ്ടാക്കുകയും ചെയ്യും. അസിഡിറ്റി കൂടിയ ദഹനരസം ഇവയിലൂടെ പുറത്തേക്ക് വ്യാപിച്ച് വയറ്റിനുള്ളില്‍ കൂടുതല്‍ കേടുപാടുകളുണ്ടാക്കും.
കേരളീയ ഭക്ഷണശൈലി രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ ഭക്ഷണശീലങ്ങളില്‍ വരാവുന്ന ദൂഷ്യങ്ങള്‍ ഒഴിവാക്കപ്പെടുന്നവിധത്തിലാണെന്നു കാണാം. കറികള്‍ താളിക്കുമ്പോള്‍, വെളിച്ചെണ്ണയില്‍ ചേര്‍ക്കപ്പെടുന്ന കടുക്, ഉലുവ, ജീരകം, കറിവേപ്പില, വെളുത്തുള്ളി ഇവയൊക്കെ വെളിച്ചെണ്ണയെ കുറ്റമറ്റതാക്കും. കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്, അണുനാശകശക്തിയും വിഷഹരഗുണവും ഉള്ളതുകൊണ്ടാണ്. പച്ചക്കറികളില്‍ കീടനാശിനിപ്രയോഗം ഏറിവന്നിട്ടുള്ള ഇന്നത്തെക്കാലത്ത്, അവ മഞ്ഞളിട്ട വെള്ളത്തില്‍ അല്പനേരം ഇട്ടുവെക്കുന്നത് നല്ലതാണ്.
സ്വാഭാവികമായ എരിവുരസം തരുന്ന ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞള്‍ ഇവകള്‍ ആരോഗ്യകരവും വയറ്റിനിണങ്ങിയതുമാണ്. എരിവിന്റെ തീക്ഷ്ണത കുറയ്ക്കുവാന്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. എണ്ണയില്‍ പൊരിക്കുന്നതിനെക്കാള്‍ നല്ലത് മസാല പുരട്ടിയ മീന്‍കഷ്ണങ്ങള്‍ വാഴയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചുകഴിക്കുന്നതാണ്.



Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

ആഗ്രഹം..(Aagraham)

Discovery Of Holy Spirit... A Bible Study

ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു  കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ… എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്  ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ  തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ച...