മുസ്ലീം സ്ത്രീകളെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ച്ചപ്പാടുകള്‍ പൊളിച്ചെഴുതുകയാണ് അമിരാ സാക്കെറ്റ് എന്ന മുസ്ലീം യുവതി. അമിരാ ഇന്ന് ലോകമറിയുന്ന ഒരു ഹിപ് ഹോപ് ഡാന്‍സറാണ്.
2011-ലാണ് We are muslim Dont panic എന്ന പേരില്‍ ഒരു ഹിപ് ഹോപ് ഡാന്‍സ് ഗ്രൂപ്പിന് തുടക്കമിടുന്നത്. ഇമാന്‍, ഖദീജ എന്ന രണ്ടു മുസ്ലീം പെണ്‍കുട്ടികളും അമിരക്കൊപ്പം കൂടി.
മൂന്നുപേര്‍ക്കും നൃത്തം ലഹരിയായിരുന്നു. പക്ഷേ അതിന് വേണ്ടി സ്വന്തം വിശ്വാസങ്ങളില്‍ നിന്നും കടുകിട വ്യതിചലിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല ലോകം കുറ്റം കാണുന്ന ബുര്‍ഖ സ്വന്തം താല്പര്യപ്രകാരം ധരിക്കുന്നതില്‍ തെറ്റെന്തെന്ന് ലോകത്തോട് ചോദിക്കാനും അവര്‍ ആഗ്രഹിച്ചു. അതിനാല്‍ തന്നെ ലോകം മുഴുവന്‍ അലസമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തലയില്‍ തൊപ്പിയും കൂളിംഗ് ഗ്ലാസും കാലില്‍ ഷൂവുമായി ഹിപ് ഹോപ് നൃത്തമാടിയപ്പോള്‍ അമിരാഹും കൂട്ടുകാരും ബുര്‍ഖയും ഷൂവും ഹിജാബുണിഞ്ഞ് ഹിപ് ഹോപ് നൃത്തവുമായി ഉലകം ചുറ്റി.
മൂന്നു വനിതകള്‍ മുഖം മറച്ച് ബുര്‍ഖയണിഞ്ഞ് ഹിപ് ഹോപ് ചെയ്യുന്നത് കണ്ട് ലോകം അമ്പരന്നു. വെറുതെ നൃത്തം ചെയ്ത് ലോകത്തെ അമ്പരിപ്പിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം. നൃത്തത്തിലൂടെ ലോകത്തോട് സംസാരിക്കാനും അവര്‍ തീരുമാനമെടുത്തു.
മുസ്ലീം സ്ത്രീകള്‍ അബലകളല്ലെന്നും അവര്‍ക്കും സ്വത്വവും സ്വാതന്ത്ര്യവും താല്പര്യങ്ങളുണ്ടെന്നും അത് പ്രകടിപ്പാന്‍ കരുത്തുണ്ടെന്നും നൃത്തത്തിലൂടെ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി അവര്‍ നിലയുറപ്പിച്ചു. 'മുസ്ലീം സ്ത്രീകളെ കുറിച്ച് ലോകത്തിന് ചില തെറ്റിദ്ധാരണകള്‍ ഉണ്ട് അത് തിരുത്തേണ്ടത് എന്റെ കൂടി ആവശ്യമായി തോന്നി.' അമിരാ പറയുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ വഴങ്ങുന്ന ഹിപ് ഹോപ്പിലെ പോപ്പിംഗ് എന്ന നൃത്തരൂപമാണ് അവര്‍ തിരഞ്ഞെടുത്തത്. തങ്ങളുടെ നൃത്തത്തിലൂടെ അവര്‍ ലോകരോട് സംവദിച്ചു. അമേരിക്കയിലെ ഇസ്ലാം മതവിശ്വാസികളും മുസ്ലീം വനിതകളും എല്ലാം അവരുടെ നൃത്തത്തിന്റെ പ്രമേയങ്ങളായി.
ഇതിനോടകം യു.എസിലെ വിവിധ ഇടങ്ങളില്‍ നൃത്തമവതരിപ്പിച്ചു കഴിഞ്ഞ ഇവര്‍ക്ക് ബാവുല്‍ സംഗീതജ്ഞരോടൊപ്പം വേദി പങ്കിടുന്നതിന് ബംഗ്ലാദേശില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്.
Comments
Post a Comment