കാറിൽ നിന്നിറങ്ങുമ്പോൾ ഞാൻ തികച്ചും ശാന്തനായിരുന്നു. മുറ്റത്തും പറമ്പിലുമായി പലഭാഗത്തും ആളുകൾ കൂടി നിൽക്കുന്നുണ്ട്. ചിലർ തിരക്കിട്ട് ഓടി നടക്കുന്നുണ്ട് . ആരെയും ശ്രദ്ധിക്കാതെ ഞാൻ ഉമ്മറപ്പടിയിലേക് നടന്നു . തിരക്കിനിടയിൽ ആരും എന്നെ ശ്രദ്ധിച്ചില്ല . ഉമ്മറത്തു നല്ല തിരക്കുണ്ട് . ആളുകളെ വകഞ്ഞുമാറ്റി ഞാൻ മുന്നോട്ടു നടന്നു . അകത്തു സ്ത്രീകളുടെ കരച്ചിൽ എനിക്ക് കേൾക്കാം . എല്ലാവരുടെയും മുൻപിൽ ചെന്ന് ഒരു നിമിഷം നിന്നു. നിലത്തു വാഴയിലയിൽ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന ആ ദീര്ഘകായകനെ ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു . അലമുറയിട്ടു കരയുന്ന സ്ത്രീകളുടെ ശബ്‌ദം എന്നിൽ പരിഹാസത്തിനപ്പുറം മറ്റൊന്നും എന്നിൽ സൃഷ്ടിച്ചില്ല
മൃതദേഹത്തിനു ചുറ്റും ഇരിക്കുന്നവരെ ഞാൻ ഒരു മന്ദഹാസത്തോടെ ഒന്ന് നോക്കി .. പിന്നീട് രണ്ടടി മുൻപോട്ടു ചെന്നു കൈയിലിരുന്ന റോസാപ്പൂ ആ ദേഹത്തു വച്ചിട്ട് തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ തലയ്ക്കൽ ഇരുന്നു വിതുമ്പുന്ന മധ്യവയസ്കയുടെ കണ്ണുകളുമായി കോർത്ത് വലിച്ചു.
"ആരാ കൊള്ളിവാക്യ .." ആൾക്കൂട്ടത്തിനിടയിൽ ആരോ ചോദിക്കുന്നത് ഞാൻ കേട്ടു. " മകൻ ഉണ്ടായിരുന്നു ... ഇപ്പോ എവിടാണ് എന്നറിയില്ല ... അറിഞ്ഞു കേട്ട് വന്നില്ലാച്ചാ മറ്റാരെങ്കിലും ചൈയ്യേണ്ടി വരും." മറുപടി എന്നപോലെ ആരോ പറഞ്ഞു.
അവിടെ നിൽക്കുന്ന മറ്റാരെയും ശ്രദ്ധിക്കാതെ ഞാൻ പുറത്തേക് നടന്നു . മുറ്റത്തു കിടക്കുന്ന ആളൊഴിഞ്ഞ കസേരയും എടുത്ത് മുറ്റത്തിനോടു ചേർന്നു കിടക്കുന്ന ചാമ്പമരത്തിനു ചുവട്ടിൽ ചെന്നിരുന്നു..അഴിഞ്ഞു കിടന്ന ഷൂസിന്റെ ലെയ്സ് കെട്ടിവച്ച ഞാൻ ഒരിത്തിരി അഹങ്കാരത്തോടെ ചാരിയിരുന്നു ..
ജീവിതാഭിലാഷം പൂർത്തിയായ നിർവൃതിയോടെ അവിടെ അങ്ങനെ ഇരിക്കുമ്പോൾ ഒരിളംകാറ്റു എന്നെ തഴുകി കടന്നു പോയി ..ഈ ഒരു ദിവസത്തിനു വേണ്ടിയാണു ഞാൻ ഇത്രനാൾ കാത്തിരുന്നത് ..
പലവട്ടം കൊല്ലാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് , അന്നെല്ലാം 'അമ്മ എന്നെ വിലക്കി.."ശത്രുവാണെങ്കിലും നിനക്കു ജന്മം തന്ന മനുഷ്യനല്ലേ ?" എന്ന എന്റെ അമ്മയുടെ ചോദ്യം പലവട്ടം എന്നെ പിന്തിരിപ്പിച്ചു . വളരെ വൈകിയാണെങ്കിലും ദൈവം അത് നിർവഹിച്ചു... പക്ഷെ ഇതൊന്നും കാണാൻ എനിക്ക് എന്റെ 'അമ്മ അടുത്തില്ലല്ലോ ...
എന്റെ പത്താമത്തെ വയസിൽ എന്നെയും എന്റെ അമ്മയെയും തെരുവിലേക് ഇറക്കിവിട്ടതാണ് , ആ കിടക്കുന്ന ,എനിക്ക് ജന്മം തന്നു എന്ന് പറയുന്ന ആ മനുഷ്യൻ.. പഠിച്ചതും വളർന്നതും എല്ലാം ആരുടെ ഒക്കെയോ ദയകൊണ്ടായിരുന്നു...വീട്ടുവേലക്കു പോയിയും കൂലിപ്പണി ചെയ്യ്തു എന്റെ 'അമ്മ എന്നെ വളർത്തി ...അമ്മയുടെ ഈ കഷ്ടപ്പാടുകൾ ഓർമ്മവച്ച നാളുമുതൽ എന്നിൽ പ്രതികാര ചിന്ത വളർത്തി ...
കൂട്ടുകാർ ഇരുചക്രവാഹനങ്ങളിൽ അച്ഛനോട് പറ്റിച്ചേർന്നു സ്കൂളിൽ പോകുമ്പോൾ, ഞാൻ മാത്രം തനിച്ച തിരക്കുള്ള തെരുവീഥികളിലൂടെ ചെളിവെള്ളം തള്ളിത്തെറിപ്പിച്, ഒരു കുഞ്ഞി കുടയും ചൂടി അങ്ങനെ നടന്നു പോകും ....
വരില്ലന്നറിയാമായിരുന്നിട്ടും വന്നിരുന്നെങ്കിൽ എന്നാശിച്ചു എത്രയോ വൈകുന്നേരങ്ങളിൽ ഞാൻ അച്ഛനെ കാത്തിരുന്നിട്ടുണ്ട് ..ഒരിക്കൽപോലും എന്നെ തേടി എന്റെ അച്ഛൻ വന്നില്ല ...ഒരു പക്ഷെ എന്റെ അച്ഛന് എന്നെ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടാവില്ല ... വേദനിപ്പിക്കുന്ന ബാല്യം വേഗം കടന്നുപോയി. തിളയ്ക്കുന്ന കൗമാരം എന്നിൽ പ്രതികാരചിന്തകൾ വളർത്തി .. അച്ഛന്റെ സാമീപ്യം ആവശ്യമായിരുന്ന നാളുകളിൽ എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു ..
വലിയ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രനായി വളരേണ്ടവൻറെ അവസ്ഥ...പിന്നീടങ്ങോട് പണം ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു ... അച്ഛനെക്കാൾ വലിയവനായി തിരിച്ചുവരണമെന്ന മോഹം ...അതിനുവേണ്ടി ഞാൻ സഞ്ചരിക്കാത്ത വഴികളില്ല ...ജയിക്കാനുള്ള ഓട്ടത്തിനിടയിൽ എനിക്കെന്റെ അമ്മയെയും നഷ്ടപ്പെട്ടു ... ഞാൻ അനാഥനായി ..ആരുമില്ല എന്ന ചിന്ത എന്നിൽ ജയിക്കാനുള്ള തീക്ഷ്ണത കൂട്ടി ..... ഇന്നു ഞാൻ എല്ലാം നേടി ...
പറമ്പിൽ ചിതക്കുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി .. ഏറെ വൈകും മുൻപ് ദേഹം ചിതയിലേക്ക് എടുക്കും. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ..
അകത്തു ആരു കൊള്ളിവക്കും എന്നെതിനെപ്പറ്റിയുള്ള ചർച്ചകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മകൻ ജീവിച്ചിരിക്കുമ്പോൾ ഭാര്യതന്നെ കൊള്ളിവെക്കണം .... ആ കാഴച ഒന്ന് നേരില്കണ്ടിട്ടുവേണം മടങ്ങാൻ ... ആ ... ദേഹം ചിതയിലേക്കെടുത്തു .. പുറകെ അലമുറയിട്ടുകൊണ്ടു ആ സ്ത്രീയും മകളും ഉണ്ട് .. ഒരു ക്രൂരമായ ചിരിയോടെ ഞാനാ കാഴ്ച നോക്കിക്കണ്ടു ... ജീവിതാവസാനം വരെ എന്റെ അമ്മക്ക കണ്ണുനീർ നലകിയ ഈ സ്ത്രീ വാവിട്ടു കരയുന്നത് കാണാനല്ലേ ഞാൻ ജീവിച്ചത് ....ഹോ.. ഇതൊന്നും കാണാൻ എന്റെ 'അമ്മ ഇല്ലാതെ പോയല്ലോ ..
"ഒന്നുകൂടി ശ്രമിച്ചു നോക്കൂ .... അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമാണ്... ഇങ്ങള് വിളിച്ചിട് വന്നില്ലെങ്കിൽ ഞാൻ സംസാരിക്കാം ... അവന്റെ കാലുപിടിക്കാം ... ഞാൻ വിളിച്ചാൽ അവൻ വരും ...." കൂട്ടത്തിൽ ആരെയോ പിടിച്ചു കുലുക്കി ആ സ്ത്രീ പൊട്ടിക്കരയുന്നുണ്ട് . അവർ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ഞാൻ അടുത്ത നിൽക്കുന്ന അപരിചിതനോട് തിരക്കി ... അയാളുടെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു
അച്ഛന്റെ അവസാന നാളുകളിൽ അദ്ദേഹം ഞങ്ങളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന സത്യം എന്നെ തകർത്തു കളഞ്ഞു ..അച്ഛന്റെ ചിതക് കൊള്ളിവക്കാൻ ഞാൻ ഉണ്ടാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു പോലും....എനിക്ക് തലകറങ്ങുംപോലെ തോന്നി .... വീഴാതിരിക്കാൻ ഞാൻ അടുത്ത് കണ്ട തെങ്ങിൽ ചാരി നിന്ന്
ഒരുനിമിഷം എന്റെ മനസ്സിലെ പക മുഴുവൻ അലിഞ്ഞില്ലാതെയായി ... അച്ഛൻ എന്നെ കാണാൻ ആഗ്രഹിച്ചിരുന്നു എന്നെ സത്യം എന്റെ മനസ്സിൽ സന്തോഷത്തിന്റെ അലകളുയർത്തി .. ഏതൊരു പിതാവിനെയും പോലെ സ്വന്തം മകനെ കാണാൻ എന്റെ അച്ഛനും ആഗ്രഹിച്ചിരുന്നു ... ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നു ..
നിറഞ്ഞ കണ്ണുകളുമായി തീക്കനലുമായി ചിതയിലേക്ക് നടന്നിരുന്ന അവരെ എന്റെ കരം ചുമലിൽ സ്പര്ശിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി ..ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു ..ഒരിക്കൽ എന്റെ അമ്മയെ കണ്ണീർ കടലിലേക്കു തള്ളിയിട്ട അവരുടെ ഈ കണ്ണീർ എന്നെ ഇപ്പോൾ ആനന്ദിപ്പിക്കുന്നില്ല ...നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അവരുടെ കൈയിൽ നിന്ന് ഞാനാ തീക്കനൽ വാങ്ങി അടുത്തുനിന്നയാളെ ഏല്പിച്ചു
കുളിച്ച വന്നു ചിതക് കൊള്ളിവച്ചു നിശബ്ദനായി ഞാൻ തിരിച്ചു നടന്നു . ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തവനെപോലെ ...തിരിഞ്ഞു നിന്ന് ആളിക്കത്തുന്ന ചിതയിലേക് ഒരാവർത്തി കൂടി നോക്കുമ്പോൾ എന്റെ കണ്ണുകളിൽ പഴയ തീവ്രത ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ...ചിത കെട്ടടങ്ങിയപ്പോൾ ഞാൻ വസ്ത്രം മാറി ഉമ്മറപ്പടിയിൽ വന്നപ്പോൾ എന്നെ കത്ത് അവിടെ എല്ലാവരും ഉണ്ടായിരുന്നു .. കൂടി നിന്നവരെ ആരെയും ശ്രദ്ധിക്കാതെ ഞാൻ പടിയിറങ്ങി ..
"ഞങ്ങള്ക് ആരുമില്ല ഏട്ടാ ..." ഇടറിയ സ്ത്രീ ശബ്ദം എന്നെ പിടിച്ചു നിർത്തി ... ഏതോ എന്നെ പിറകോട്ടു വലിക്കുമ്പോൾ...ഹൃദയത്തിൽ ഒരു കൊളുത്തു വീണു ..എന്റെ അനിയത്തി കുട്ടി എന്നെ വിളിക്കുന്നു ..ഞാൻ എന്താ ചതിയ്ക ?... പ്രതികാര ദാഹത്തോടെ വന്നിട് ... ശ്ശേ ...
തിരിഞ്ഞു നോക്കാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല ..പുറകിൽ വിതുമ്പുന്ന സ്വരം എനിക്ക് കേൾക്കാം ... തിരിച്ചു പോകാൻ വന്നതാണ് ...തിരിച്ച പോയെ തീരു ...ഒരിക്കൽ പടിയിറങ്ങിയപ്പോൾ കരുതിയതാണ് , ഇനിയൊരിക്കലും തിരിച്ചില്ലന്നു ...ഞാൻ വേഗം പടിപ്പുരയിലേക്കു നടന്നു .. എന്റെ മനസ്സ് വല്ലാണ്ട് പിടക്കുന്നുണ്ട് ... പടിപ്പുരക്കൽ ചെന്ന് ഞാൻ ഒരു നിമിഷം നിന്നു ... കണ്ണടച്ചു ... എനിക്ക് ഇപ്പോൾ എന്റെ അമ്മയെ കാണാം ....'അമ്മ എന്നെ തിരിച്ചു പോകാൻ നിർബന്ധിക്കുന്നു ...എന്നെ ശാസിക്കുന്നു ...അതെ അവർക്കിനി ഞാൻ ഉള്ളു ... അനാഥത്വത്തിന്റെ ബാല്യവും കൗമാരവും , യവ്വനവും ഞാൻ അനുഭവിച്ചതാണ് ... എന്റെ അനിയതിക്കുട്ടിക് അതുണ്ടാവരുത്...
ഞാൻ തിരിഞ്ഞു അവരെ നോക്കി ... എന്നെ നോക്കി കരഞ്ഞുകൊണ്ട് എന്റെ അനിയത്തികുട്ടി നില്പുണ്ട് . അവൾ ഈ ഏട്ടനെ നോക്കി വിതുമ്പുന്നുണ്ട് ...ഓടിവന്നു അവൾ എന്നെ കെട്ടിപിടിച്ചു ."ഞങ്ങൾക്കിനി ആരുമില്ല ഏട്ടാ ..." എന്റെ മാരിൽ വീണു പൊട്ടിക്കരയുന്ന അവളെ ഞാൻ ചേർത്ത് പിടിച്ചു ...""ഞാനുണ്ട് ...ഈ ഏട്ടനുണ്ട് .." എന്റെ കവിളിലൂടെ അരിച്ചിറങ്ങിയ കണ്ണുനീർത്തുള്ളി അവളുടെ മുടിയിഴകളിൽ എവിടെയോ വീണലിഞ്ഞു ... അവളുടെ ശിരസിൽ മുഖമമർത്തി ഞാൻ ഒരുനിമിഷം അങ്ങനെ തന്നെ നിന്ന് ... എന്റെ അനിയത്തികുട്ടിയുടെ കൂടെ .....
****************************************
Comments
Post a Comment