(ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ. പശുവിനെ കുറിച്ച 10 വാക്യം എഴുതാൻ പറഞ്ഞാൽ പശുവിനെ കൊണ്ട് പോയി തെങ്ങിൽ കെട്ടിയിട്ട തെങ്ങിനെ കുറിച്ച 10 വാക്യം എഴുതുന്ന രീതിയിലുള്ള മിക്കവാറും പെന്തകോസ്ത് സഭകളിലെ വചന വ്യാഖ്യാനം പോലെ ചുമ്മാ പറഞ്ഞിട് പോവാൻ ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ട്, ഞാൻ വായിക്കുന്ന എല്ലാ വാക്യത്തിനും ഉള്ള ഇണയെ അതെ സന്ദർഭത്തിൽ, അതെ സാഹചര്യത്തിൽ , അതെ അർത്ഥത്തിൽ, മറ്റൊരു വേദ ഭാഗത്തു നിന്ന് എടുത്തു കാണിക്കാതെ ഏതെങ്കിലും വചനം വായിച്ചു തടിതപ്പാൻ ഞാൻ നോക്കിയാൽ നിങ്ങൾക് ചോദിക്കാം. അത് തിരുത്തുവാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരു വാക്യം വായിച്ച അതിനെ സ്വന്ത ബുദ്ധിയാൽ, തനിക് തോന്നിയ വിധത്തിൽ അല്ലെങ്കിൽ വിശ്വാസികളെ സുഖിപ്പിക്കുന്ന വിധത്തിൽ ആത്മാവ് പ്രേരിപ്പിക്കുന്നു , ആത്മാവ് പറയുന്നു എന്നൊക്കെയുള്ള മേമ്പൊടിയോടെ വ്യാഖ്യാനിക്കുന്ന രീതിയെ എനിക്ക് ബോത്തിക്കാത്തതു കൊണ്ട്, ഞാൻ ചെയ്യുമ്പോൾ അങ്ങനെ ആവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഒരു വാക്യം വ്യാഖ്യാനിക്കുന്നത് അതിന്റെ തക്കതയെ ഇണയെയും, ആ വചനം പറയുന്ന സാഹചര്യത്തെയും കൊണ്ടാവണം. ഞാൻ ഈ വായിക്കുന്നത് എന്റെ സ്വന്തബുദ്ധിയാൽ വചനം വായിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് ആണ് എന്ന് ഞാൻ കരുതുന്നു. അതോ ആത്മാവ് പ്രേരിപ്പിച്ചതാണോ എന്നും എനിക്ക് അറിയില്ല ..കാരണം ഞാൻ ഇത് കുത്തികുറിക്കുമ്പോൾ, എന്റെ ഉള്ളിന്റെ ഉള്ളിലിരുന്നു ഞാൻ വായിച്ചു മറന്ന വചനങ്ങൾ എന്റെ മനസാക്ഷി ഓര്മിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് .. അല്ലാതെ ബാഹ്യമായ ഞാൻ അല്ലാതെ മറ്റൊരാളുടെ ഒരു ശബ്‌ദം ഞാൻ കേട്ടില്ല .. കർത്താവിന്റെ നാമം വ്യഥ എടുക്കരുത് എന്ന കല്പന ഉള്ളതുകൊണ്ട് പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു എന്നൊന്നും പറയാൻ ഞാൻ തുനിയുന്നില്ല. )
ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയിലും വിശ്വാസത്തിലും അധിഷ്ടിതമാണ് എന്ന് ഉള്ളത് യാഥാർത്ത്വം ആണ് എന്നിരിക്കെ നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം കിട്ടാതെ പോകുന്നതും ,അല്ലെങ്കിൽ ഉത്തരം വൈകി ലഭിക്കുന്നതും പലപ്പോഴും നാം കണ്ടിട്ടുണ്ട്. നമ്മൾ എല്ലാവരും പല തവണ പലയിടങ്ങളിൽ വച്ചു , പലരിൽ നിന്ന് എന്തുകൊണ്ട് പ്രാര്ഥനക് ഉത്തരം വൈകുന്നു , അല്ലെങ്കിൽ ഉത്തരം ലഭിക്കുന്നില്ല എന്നൊക്കെ പഠിച്ചിട്ടുണ്ട്...
ഇതിനു മുൻപ് ഒരിക്കൽ ഈ വിഷയം നമ്മുടെ സഭയിൽ ഒരു ചർച്ചയിൽ വരികയും ഉണ്ടായി. അതിനു ഞാൻ ഒരു നിമിത്തം ആയതു യാദൃച്ഛികം എന്ന് പറഞ്ഞൊഴിയാണ് ഞാൻ താല്പര്യപെടുന്നില്ല. അന്ന് ഞാൻ ചോദ്യം ചോദിച്ച ഒഴിഞ്ഞു എങ്കിൽ, ഇന്ന് ഞാൻ തേടി നടന്നു കണ്ടെത്തിയ ചില ഉത്തരങ്ങൾ ....അല്ലെങ്കിൽ എന്റെ പരിമിതമായ അറിവ് , നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു . എന്ത് കൊണ്ട് പ്രാർത്ഥനയുടെ ഉത്തരം വൈകുന്നു അല്ലെങ്കിൽ കിട്ടാതെ പോകുന്നു എന്ന് സംസാരിച്ചു തുടങ്ങും മുൻപ് എന്താണ് പ്രാർത്ഥന എന്ന് ആദ്യം വിശധീകരിക്കാൻ ഞാൻ ഇഷ്ടപെടുന്നു ...
പ്രാർത്ഥനകളെ രണ്ടായിട്ട് തരം തിരിക്കാം
1 . എഴുതപ്പെട്ട പ്രാർത്ഥനകൾ
2 . എഴുതപ്പെടാത്ത പ്രാർത്ഥനകൾ.
നമ്മളിൽ പലരും എഴുതപ്പെട്ട പ്രാര്ഥനകളെ തള്ളിപ്പറഞ്ഞു, എഴുതപ്പെടാത്ത സ്വതന്ത്ര പ്രാർത്ഥന കൂട്ടത്തിലേക്കു ചേക്കേറിയവരാണ് . എന്നാൽ എന്റെ വിഷയം "പ്രാർത്ഥന" ആയതുകൊണ്ട്, എനിക്ക് എഴുതപെട്ട പ്രാര്ഥനയെക്കുറിച്ചു കൂടി ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മറ്റു ക്രിസ്ത്യാനികൾ എഴുതപ്പെട്ട പ്രാർത്ഥനകൾ പിന്തുടരുന്നത് എന്ന് ചിന്തിക്കുന്നത് ഒരു നല്ലതാണു. എഴുതപ്പെട്ട ആ പ്രാർത്ഥനകൾ പുതുതായി വിശ്വാസത്തിലേക് വരുന്ന സ്വന്തമായി പ്രാർത്ഥിക്കാൻ അറിയാത്തവരെ ഉദ്ദേശിച്ച, പ്രാർത്ഥിക്കാൻ അറിയുന്നവരാൽ എഴുതപ്പെട്ടതാണ് . പിന്നീട് അത് എല്ലാവരും പിന്തുടർന്നു പൊന്നു എന്ന് മാത്രം .. അങ്ങനെ അത് മറ്റു ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമായി എന്ന് മാത്രം ..വ്യക്തിപരമായി അത്തരം പ്രാര്ഥനകളോട് എനിക്ക് പ്ര്യത്യക്ഷത്തിൽ എതിർപ്പ് ഇല്ല.. എന്നിരുന്നാലും , അർഥം മനസ്സിലാക്കാതെ, അല്ലെങ്കിൽ അർഥം അറിയാതെ, വഴിപാട് പോലെ എഴുതിവച്ചതു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മാത്രമല്ല അത് ജാതികളുടെ ജല്പന ത്തിനു തുല്യമാകുന്നു .
എന്നാൽ ഇവാൻജെലിക്കൽ /പെന്തോകൊസ്തു പ്രാർത്ഥനകൾ എഴുതപ്പെട്ടതല്ല. അത് വാമൊഴി പോലെ ഓരോരുത്തർക് ബോധിച്ചപോലെ തങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾ ദൈവത്തോട് പറയും പോലെ ആണ് .എഴുതപ്പെട്ട പ്രാർത്ഥനയുമായി താരതമ്യം ചെയ്യുമ്പോൾ പെന്തകോസ്ത് പ്രാർത്ഥനകൾ താരതമെന്ന മെച്ചപ്പെട്ടതാണ്.എങ്കിലുൾ സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ടു കൂട്ടരുടെ പ്രാർത്ഥനകളിലും സാമ്യവും വൈരുധ്യവും നമുക് കാണാൻ കഴിയും .
സാമ്യം: രണ്ടും അത്യാവശ്യം നല്ല ധൈർഗ്യം ഉള്ള പ്രാര്ഥനകൽ ആണ്
വൈരുധ്യം : എഴുതപ്പെട്ട പ്രാർത്ഥനകളിൽ , പരസ്യമായി പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനകളും ആത്മീയവും, ദൈവ സ്തുതികളും ആയിട്ടാണ് എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുള്ളത്. സ്വകാര്യ ലാഭത്തിനു അവര്ക് പ്രത്യേകം പ്രാർത്ഥനകൾ ഉണ്ടായിരിക്കുകയു , അത് അവരുടെ വ്യക്തി പ്രാർത്ഥനകളിലും , ആവശ്യമുള്ള സാഹചര്യത്തിൽ മാത്രം ഉപയോടിക്കുന്നതു മാത്രമാണ് .
എന്നാൽ ഞാൻ ഈ ഇടയായി ശ്രദ്ധിച്ച ഒരു കാര്യം പെന്തെക്കോസ്ത് പ്രാർത്ഥനകൾ , പള്ളിയിൽ ആയാലും , സുവിശേഷ യോഗങ്ങളിൽ ആയാലും, സ്വകാര്യ പ്രാർത്ഥനകളിൽ ആയാലും (പറഞ്ഞു പറയിക്കുന്ന കുറച്ച പ്രൈസ് ദി ലോർഡ്, ആവശ്യമില്ല്ലാടത്തും ആവശ്യം ഇല്ലത്തെടുത്തും ഞാൻ എല്ലാം ശ്രദ്ധിക്കുന്നു എന്ന് വരുത്തി തീർക്കാൻ വണ്ടി പറയുന്ന പ്രൈസ് ദി ലോർഡ് ഒഴിച്ച് നിർത്തിയാൽ ) നമ്മുടെ മുഴുവൻ പ്രാർത്ഥനയും വ്യക്തിപരമായ ഭൗതീക ആവശ്യങ്ങളിലേക് ഒരുങ്ങുന്നു..
ഒരുപക്ഷെ മത്തായി: 7:7 ആയിരിക്കാം ഇത്തരം ബൗതീക വിഷയങ്ങൾക്ക് ഉള്ള പ്രേരണയായി വിശ്വസികൾ എടുക്കുന്നത് ...
“യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി,
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” എന്ന് പറഞ്ഞു അവസാനിക്കുന്ന വാക്യങ്ങൾ തന്നെ.
ഈ വചനം വായിച്ച നമ്മളെ വേണ്ടപ്പെട്ടവർ പഠിപ്പിക്കുന്നത്, പഠിപ്പിച്ചു വച്ചിരിക്കുന്നതും അത് തന്നെ ആണ് ... കണ്ണീരോടെ നിന്റെ ആവശ്യങ്ങളെ സമരിപ്പിക്കുവാനും , ദൈവ സന്നിധാനത്തിൽ മുട്ടുകുത്തി നിന്റെ ആവശ്യങ്ങളെ ചോദിച്ചു വാങ്ങുവാനും മറ്റാരും അല്ല സഭയെ പഠിപ്പിച്ചത്... എപ്പോഴും കണ്ണീരോടെ പ്രാർത്ഥിപ്പിൻ, കണ്ണീരോടെ ചോദിക്കിന് , കർത്താവു ഇവിടെ ഇറങ്ങി വന്നിട്ടുണ്ട് , അത്മാവു ആ മൂലയിൽ ഇറങ്ങി വന്നത് ഞാൻ കാണുന്നു എന്നൊക്കെ പറഞ്ഞ കരഞ്ഞ ഉപവസിച്ചു തൻ ആഗ്രഹിച്ചത് ചോദിച്ചു വാങ്ങാൻ സഭ തന്നെ ആണ് പഠിപ്പിച്ചത് ..
ഭവതീകമായ ഇത്തരം ദീർഖ പ്രാർത്ഥനകൾ എന്നെ ഈ വിഷയത്തെ കുറിച്ച ഒന്ന് പഠിക്കുവാൻ പ്രേരിപ്പിച്ചു.. ഈ വിഷയവുമായി ബന്ധപ്പെട്ടു ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് പുതിയ നിയമത്തിലെ ആദ്യ പുസ്തകം തന്നെ ആണ് ... വായിച്ച വരുമ്പോൾ എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്
Matthew 6:7: പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
എന്റെ 9 വർഷത്തെ വിശ്വാസ ജീവിതത്തിൽ ഞാൻ ഒരു പെന്തെക്കോസ്ത് പള്ളിയിലും ഞാൻ ഈ വചനമോ, ഈ വചനം നിലനിൽക്കുന്ന പാരഗ്രാഫോ വായിച്ചും വ്യാഖ്യാനിച്ചും കേട്ടിട്ടില്ല . (........................)
പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ പ്രാർത്ഥനകൾ ജാതികളെപോലെ ജല്പനങ്ങൾ തന്നെ അല്ലെ ? അമിത ഭാഷണത്താൽ ഉത്തരം കിട്ടും എന്ന് നമ്മൾ വിശ്വസിക്കുന്നില്ല ? അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണല്ലോ നമ്മൾ സുദീർഘമായ പ്രാർത്ഥിക്കുന്നതും, നമ്മുടെ ആവശ്യങ്ങൾ കിട്ടും വരെ ചോദിച്ചു ചോദിച്ച , എന്നിട്ടും കിട്ടിയില്ലെങ്കിൽ ഉപവാസം എന്ന പേരിലുള്ള നിരാഹാര സമരം നടത്തി കർത്താവിന്റെ മുൻപിൽ ഇരിക്കുന്നത് .
വചനം വ്യക്തമായി പറയുന്നു നിങ്ങൾ ജാതികളെ പോലെ പ്രാർത്ഥിക്കരുത് എന്ന്.. അതിനുള്ള കാരണവും അതോടു കൂടെ പറയുന്നു … നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
(ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ)
ആയതിനാൽ മുകളിൽ പറഞ്ഞ വാക്യത്തെയും അതിനു ഞാൻ നൽകിയ വ്യാഖ്യാനത്തെയും ന്യായീകരിക്കുന്ന ഏതാനും വചനം ഞാൻ വായിക്കുന്നു.
Jeremiah 1:5 - പറയുന്നു നാം ജനിക്കും മുൻപേ നമ്മെ ദൈവം അറിയുന്നു എന്ന്.
Jeremiah 29:11 ൽ പിതാവിന് നമ്മെ കുറിച്ച നിരൂപണങ്ങൾ ഉണ്ട് എന്നും അത് അത് നമ്മുടെ നന്മക് ആകുന്നു എന്നും പറയുന്നു
എങ്കിലും തക്കതായ ഇണയെ ഞാൻ എടുത്തു കാണിക്കേണ്ടതുള്ളതു കൊണ്ട്
Luke . 12;29 വായിക്കുന്നു
എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു
ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
Matthew 6:25-34 വരെ ഉള്ള വാക്യങ്ങളും Luke . 12;16-34 വരെ ഉള്ള വാക്യങ്ങളും വിശദമായി പറയുതു ഇത് തന്നെയാണ്. വീട്ടിൽ പോയി എല്ലാവരും ഈ വാക്യങ്ങൾ ഒക്കെയും ഒന്ന് വായിക്കണം ഏന്നു ഞാൻ ആശിക്കുന്നു ,
ദൈവത്തിനു നിങ്ങളുടെ ആവശ്യം നിങ്ങളിൽ ആഗ്രഹം ജനിക്കുന്നതിന് മുൻപേ അറിയാമെങ്കിൽ പിന്നെ പുറകെ നടന്നു വീണ്ടും വീണ്ടും ചോദിക്കുന്നത് എന്തിനാണ്? നമ്മുടെ തലമുടി ഇഴ പോലും എന്നി തിട്ടപ്പെടുത്തി ഓർക്കുന്ന ദൈവം നമ്മുടെ ആവശ്യങ്ങൾ വിസ്മരിച്ചു പോകും എന്ന് നാം ഭയക്കുന്നുവോ?
ഞാൻ ജനിക്കുന്നതിന് മുന്നേ തന്നെ എന്നെ അറിയുന്ന, എന്നെ കുറിച്ച് സ്വപ്നങ്ങളും പദ്ധതികളും ഉള്ള ദൈവത്തിന്റെ അടുത്തേക് ഞാൻ എന്റെ ആവശ്യങ്ങളുടെ ലിസ്റ്റിമുഅയി ചെല്ലുമ്പോൾ, നമ്മുടെ ആഗ്രഹങ്ങളിൽ ഏതെങ്കിലും ഒക്കെ പിതാവിന്റെ പദ്ധതികൾക് നിരക്കാത്തതാണെങ്കിൽ കൂടി പിതാവ് നമുക് ചെയ്തു തരും വചനം അത് തന്നെ ആണ് പറയുന്നത് ... "വിശ്വാസത്തോടെ പ്രാർത്ഥനയിൽ കർത്താവിന്റെ നാമത്തിൽ എന്ത് ചോദിച്ചാലും കിട്ടും എന്ന് വചനം പറയുന്ന ".
കാരണം നമ്മെ പിതാവ് നമ്മുടെ സ്വന്തം അമ്മയേക്കാൾ ഏറെ സ്നേഹിക്കുന്നതുകൊണ്ടു തന്നെ.
പക്ഷെ നമ്മുടെ ശോഭന സുന്ദരമായ ഭാവിക്കു വേണ്ടി നമ്മുടെ പിതാവ് നാം ജനിക്കും മുന്നേ കണ്ട സ്വപ്നങ്ങളിൽ നിന്ന് നമ്മുടെ ജീവിതം നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച ദൈവം മാറ്റി തരുമ്പോൾ നമ്മൾ നിത്യ ജീവിതത്തിലേക്കുള്ള ദൈവം ഒരുക്കിയ യഥാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചു നാം യാത്ര തുടങ്ങും.
ഒരു പക്ഷെ കുറച്ചു യാത്രകൾക് ശേഷം നാം മടങ്ങി ദൈവം നമുക് ഒരുക്കിയിരുന്ന പഴ സുന്ദര വഴിയിലേക്കു തിരിച്ചു വന്നേകം... പക്ഷെ ദൈവത്തിന്റെ വഴിയിൽ നിന്ന് നാം നമ്മുടെ ഇഷ്ടത്തിന് ചോദിച്ചു വാങ്ങിയ വഴിയേ സഞ്ചരിക്കുമ്പോൾ മുതൽ തിരിച്ചു പിതാവൊരുക്കിയ വഴിയിലേക്കു വരും വരെയുള്ള യാത്രയിൽ , നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നമ്മൾ മാത്രമാണ്.
അതിനെ പല സാഹചര്യങ്ങളിലും നമ്മൾ പെന്തെക്കോസ്ത് വിശ്വാസികൾ വിളിക്കുന്നത് പോരാട്ടം എന്നാണ് ...നമുക്ക് ഇഷ്ടപെടാത്തതോ, നമ്മൾ ആഗ്രഹിച്ചു ചോദിച്ചു വാങ്ങിയതോ ആയതല്ലാത്ത എന്തും നമുക് പോരാട്ടം ആണ്... അത് ദൈവ ഹിതമാണോ എന്ന് കൂടി ചിന്തിക്കാൻ നമ്മൾ പലപ്പോഴു തയ്യാറാവുന്നില്ല ... എല്ലാ സാഹചര്യത്തിലും അങ്ങനെ ആവണം എന്നും ഇല്ല .
പിതാവിന്റെ പദ്ധതിയിൽ നമുക് ഇന്ന് ദുഃഖം ഉണ്ടായേക്കാം , പക്ഷെ നാളെ അങ്ങനെ ആവണം എന്നില്ല . നമ്മുടെ ആവശ്യങ്ങൾ ഒരുപക്ഷെ ഇന്ന് നമുക് സന്തോഷം തന്നേക്കാം , പക്ഷെ നാളെ ആ സന്തോഷം നിലനിൽക്കണം എന്നില്ല .. കാരണം , നാളെയെകുറിച്ച നമുക്കറിയില്ല എന്നത് തന്നെ ..
ദൈവത്തോട് കാര്യാ കാരണങ്ങൾ നിരത്തി ചോദിച്ച വാങ്ങിയ രണ്ടു ഉദാഹരണങ്ങൾ ഞാൻ പഴയനിയമത്തിൽ നിന്നെടുത്തൽ ,
1, ഇസ്രായേൽ ജനം രാജാവിനെ ചോദിച്ചു വാങ്ങിയത് .. അയൽപക്കത്തുള്ള ആളുകൾക്കു എല്ലാം രാജാവുള്ളതു കൊണ്ട് ഞങ്ങൾക്ക് രാജാവിനെ വേണം എന്ന് പറഞ്ഞു സാമുവേൽ പ്രവാചകന്റെ മുന്നിൽ ചെന്നപ്പോൾ അവർ അറിയാതെ തന്നെ അതള്ളിക്കളഞ്ഞത് അവരുടെ പിതാക്കന്മാരുടെ ദൈവത്തെ തന്നെ ആണ് എന്ന് വചനം പറയുന്നു.
2, യേസ്‌കിയവിന് ദൈവാൻ അനുവദിച്ച കാലം തികയും വരെ അവൻ നീതിമാനായിരുന്നു ... ദൈവം അവനു അവന്റെ നീതിക്കൊത്തവണ്ണം വിശ്രമം നല്കാൻ ആഗ്രഹിച്ചപ്പോൾ, വീണ്ടും ജീവിതം നീട്ടിക്കിട്ടുവാൻ ആയുസു ചോദിച്ചു വാങ്ങാത്തക്കവണ്ണം അവൻ ഈ ലോകത്തെ സ്നേഹിച്ചു ... ബൗതീകതയെ സ്നേഹിച്ച യെസ്‌കിയാവിന് നീട്ടി കിട്ടിയ ആയുസ്സിൽ എത്രനാൾ നീതിമാനായിരിക്കാൻ കഴിഞ്ഞു എന്ന് വേദ പുസ്തകത്തിൽ ഒന്ന് പരിശോധിക്കുന്നത് എല്ലാവര്ക്കും നല്ലതാണു
നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ:
ബൈബിൾ ൽ പറയുന്ന പ്രാർത്ഥന നമ്മൾ പെന്തെകൊസ്ത് വിശ്വസിക്കൽ ഒരിക്കലും ഒരിടത്തും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതിനെ പറ്റി ഞാൻ പലരോടും ചോദിച്ചപ്പോൾ അത് മോഡൽ പ്രാർത്ഥന ആണ് എന്നാണ് അതുകൊണ്ടു അത് തന്നെ പ്രാർത്ഥിക്കണം എന്നില്ല എന്ന് പറഞ്ഞു കേള്കുകയുണ്ടായി . അതിനു തെളിവായി ഈ പറഞ്ഞവർ ഉയർത്തി കാണിച്ചത് " ഈവണ്ണം പ്രാർത്ഥിപ്പിൻ" എന്ന വാക്കാണ് .. ഞാൻ ഇതിന്റെ യാഥാർഥ്യം അറിയാൻ വേണ്ടി ഇംഗ്ലീഷ് പരിഭാഷ ഒന്ന് നോക്കാൻ ഇടയായി …
KJV: നും , International Standard Version നും മാറ്റി നിർത്തിയാൽ മറ്റു ചില ഇംഗ്ലീഷ് പരിഭാഷയിൽ "Pray Like This " എന്ന് കാണുവാനിടയായി . ബൈബിൾ ൽ എല്ലാ വാക്യത്തിനും ഇണയുണ്ടാവും എന്ന് വചനം പറയുന്നത് കൊണ്ട് ഞാൻ ആ ഇണയെ ഒന്ന് തേടി നോക്കി
ഇതേ കാര്യം Luke 11:2 കാണുവാൻ ഇടയായി. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായം ആണ് അത്. മലയാളത്തിൽ , “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു" എന്ന് പറഞ്ഞു തുടങ്ങി യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു .. ഈ വാക്യത്തിന്റെ ഏതു ഇംഗ്ലീഷ് പരിഭാഷ എടുത്താലും നിങ്ങൾക് ഈ കൺഫ്യൂഷൻ ഉണ്ടാവില്ല ..കാരണം , ലൂക്കോസ് കുറച്ച വിദ്യാഭ്യാസം കൂടിയ ശിഷ്യൻ ആയതുകൊണ്ട് വളരെ വ്യക്തമായി തന്നെ കാര്യം എഴുതിയിട്ടുണ്ട് ... "When you pray, say" എന്ന് തന്നെയാണ് നിങ്ങൾക് അതിന്റെ പരിഭാഷയിൽ കാണുവാൻ കഴിയുന്നത്..
ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും നമ്മൾ ആരും ഈ പ്രാർത്ഥനയെ തിരിഞ്ഞു നോക്കാറില്ല ... കാരണം , കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയിൽ നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റ് ഇല്ല എന്നതാവാം കാരണം ...
“നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ”
എന്ന വാക്യത്തിനു തെളിവ് ബൈബിൾൽ മറ്റു പലയിടത്തും കാണാം ... യേശു ക്രിസ്തു വിന്റെ ജീവിതം എടുത്തു പരിശോധിച്ചാൽ , ക്രിസ്തു ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ആരും ഒന്നും ചോദിക്കാതെ തന്നെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ച സംഭവങ്ങൾ ഉണ്ട്.. നമ്മളിൽ എല്ലാവരും കൂടുതൽ കേട്ടിരിക്കുന്നത്, നമ്മെ പഠിപ്പിച്ചിരിക്കുന്നത് ചോദിച്ചു വാങ്ങിയ സംഭവങ്ങൾ ആണ് .. കുഷ്ഠരോഗിയുടെയും , മുടന്തൻറെയും ഒക്കെ സംഭവങ്ങൾ ... വചനത്തിലൂടെ കണ്ണോടിച്ചാൽ മറ്റൊരു സംഭവം കാണാൻ കഴിയും
Matthew 14:16..
“അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ”
പുരുഷാരത്തിൽ ആരും പോയത് "ഞങ്ങള്ക് വിശക്കുന്നു കഴിക്കാൻ വല്ലതും തരണേ " എന്ന് കർത്താവിനോടു വിളിച്ചു പറഞ്ഞില്ല ... ശിഷ്യന്മാർ കർത്താവിനെ ഭക്ഷണത്തെ കുറിച്ച ഓർമിപ്പിച്ചു എന്നത് ശരിയാണ് എന്നിരിക്കെ, ആ കാര്യത്തിൽ കയറിപിടിക്കാൻ ആരുടെ എങ്കിലും മനസ്സ് ഉണർന്നാൽ , കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് മാതാവ് മാധ്യസ്ഥം പറഞ്ഞത് കൊണ്ടാണോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. കാരണം രണ്ടിന്റെയും സാഹചര്യം ഏകദേശം ഒന്ന് തന്നെ ആണ് ... അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് വിശന്നിരുന്നവനെ കുറിച്ചാണ് .... നമ്മൾ അവരുടെ പ്രതിനിധികൾ ആണ് .
ഇവിടെ സൗഖ്യമായ കുഷ്ഠരോഗികൾക്കും ഈ പുരുഷാരത്തിനും ഒരു വ്യത്യാരം കാണാൻ കഴിയും .. കുഷ്ഠരോഗികൾ യേശു ക്രിസ്തുവിനു സൗഖ്യമാക്കാൻ കഴിവുണ്ട് എന്നറിഞ്ഞിട്ടു അവരുടെ കുഷ്ഠം മാറേണ്ടതിനു കർത്താവു അവരുടെ മുന്നിലൂടെ യാതൃശ്ചികമായി കടന്നു പോയപ്പോൾ അപേക്ഷിച്ചു .... അവര്ക് തന്നിലുള്ള വിശ്വാസം കണ്ടിട്ട് യെസ്യ അവരുടെ ആവശ്യം സാധിച്ചു കൊടുത്തു ...
എന്നാൽ നമ്മൾ വായിച്ചാ വേദഭാഗത്തിലെ പുരുഷാരത്തിനു ഈ കുഷ്ഠരോഗികൾക്കും , മുടന്തർക്കും , എന്തിനു , ലാസറിനു പോലും ഇല്ലാത്ത ഒരു പ്രത്യേകത ഉണ്ട് അത് മനസ്സിലാവണമെങ്കിൽ ഈ സംഭവത്തിനു മുൻപ് ഉള്ള ഒരു വചനം വായിക്കണം ...
Matthew 14:13 : അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി.
കർത്താവു അവരുടെ പട്ടണങ്ങളിലൂടെ യാദൃച്ഛികമായി നടന്നുപോയപ്പോൾ അല്ല പുരുഷാരം പിൻപറ്റിച്ചെന്നത് , പകരം ജനം പറക്കാത്ത ഒരിടത്തേക് (ഒരുപക്ഷെ ആ സ്ഥലം വാസയോഗ്യം അല്ലാത്തത് കൊണ്ടാവാം അതൊരു ഋർജ്ജന പ്രദേശം ആയത്) പോയപ്പോഴാണ് .... കർത്താവിനെ അനുഗമിച്ചത് വിഭവ സമൃദ്ധമായ സ്വന്തം തീൻ മേശകൾ വിറ്റിട്ടാണ് , ജനം പാർക്കാത്ത ഇടത്തേക്കാണ് കർത്താവു പോകുന്നതെന്നറിഞ്ഞു അവനെ പിന്പറ്റിയത്.. അവർ കർത്താവിനെ പിൻപറ്റുമ്പോൾ കർത്താവിരിക്കുന്നിടത്തെ ബൗത്തീക അവസ്ഥയല്ല കണ്ടത് , പകരം കർത്താവിനെ മാത്രമാണ്... ജനം സ്വന്തം ബൗതീക നന്മകൾ മറന്നു കർത്താവിനെ പിൻപറ്റി എന്ന് പറയുമ്പോൾ , ബൗതീക നന്മയെക്കാൾ അവർ കർത്താവിൽ നിന്ന് കേൾക്കാനും അവനെ പിൻപറ്റാനും ആശിച്ചു എന്ന് വേണം കരുതാൻ... അതുകൊണ്ടു തന്നെ ആണ് അവരുടെ ആവശ്യം അവർ പോലും അറിയാതെ മനസ്സിലാക്കി അവര്ക് വേണ്ടത് കൊടുക്കാൻ വേണ്ടി അവൻ അത്ഭുതം കാണിച്ചത് ... ഇതുപോലെ വചനത്തിൽ മറ്റു പല അത്ഭുതങ്ങളും നമുക് കാണാൻ കഴിയും ...
John 5;5 പറയുന്ന ശിലോഹാംകുളത്തിന് കരയിലെ 30 വര്ഷം രോഗി ആയികിടന്ന മനുഷ്യനെയും , John.9:6.മുതലുള്ള വാക്യങ്ങളിൽ പറയുന്ന കുരുടനെയും സൗഖ്യമാക്കിയതും , John.6:5 ൽ പുരുഷാരത്തിനു ഭക്ഷിപ്പാൻ കൊടുക്കാൻ പറഞ്ഞതും , John . 2:7 ൽ കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതും ആവശ്യക്കാർ ആരും കരഞ്ഞു നിലവിളിച്ച ഉപവാസിച്ച പ്രാർത്ഥിച്ചതുകൊണ്ടല്ല എന്ന് നാം മറന്നു പോകരുത് ... ഈ അത്ഭുതങ്ങൾ കാണിച്ചത് എന്തിനു വേണ്ടിയാണെന്ന് ഞാൻ താഴെ പറയുന്നുണ്ട് ..അതുവരെ ക്ഷമിക്കാൻ അപേക്ഷ
ഈ പ്രവൃത്തി ചെയ്യുമ്പോൾ കർത്താവു തൻ പറഞ്ഞ ഒരു വാക്യം തൻ ജീവിച്ചിരിക്കുമ്പോൾ തന്നെ നിവർത്തിച്ചു കാണിക്കുന്നു ..
കർത്താവിനോടു ചോദിച്ചു വാങ്ങിയ അത്ഭുതങ്ങളെ കുറിച്ച് എല്ലാവരും വാ തോരാതെ പ്രസംഗിക്കുമ്പോൾ കർത്താവു കണ്ടറിഞ്ഞു ചെയ്യ്ത അത്ഭുതങ്ങളെ കുറിച്ച ഊന്നി പറയാൻ പലരും തയ്യാറാവാറില്ല ... കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് ചോദിക്കുന്ന സമയത് ചോദിക്കുന്ന കാര്യങ്ങൾ , അത്ഭുതമായി ചെയ്യ്തു തരുന്ന മജിഷ്യനെ കുറിച്ച കേൾക്കാനാണ് ഇന്ന് മിക്കവാറും സഭയും വിശ്വാസികളും ആഗ്രഹിക്കുന്നത് ... അല്ലായിരുന്നെങ്കിൽ സ്വന്തം മാതൃ സഭകളെ വിട്ടിട്ടു അനുഗ്രഹങ്ങൾ കൂടുതൽ കിട്ടുന്ന, അല്ലെങ്കിൽ അത്ഭുതങ്ങൾ കൂടുതൽ നടക്കുന്ന സഭകളിലേക് വിശ്വാസികൾ കൂട്ടമായി ചേക്കേറപ്പെടുകയില്ലായിരുന്നു ... അത്ഭുതങ്ങളും, ആവശ്യങ്ങളും ചോദിച്ചു വാങ്ങൽ പഠിപ്പിച്ച സഭതന്നെ ആണ് അതിനു ഉത്തരവാദി .. വിശ്വാസികൾ മാതൃ സഭയിൽ ചോതിച്ചിട് അവരുടെ ബൗതീക ആവശ്യങ്ങൾ അത്ഭുതമായി കിട്ടാതെ വരുമ്പോൾ അത് കിട്ടുന്നിടത്തേക് പോകുമ്പോൾ തെറ്റിക്ക പെടുന്നത് കർത്താവിന്റെ ഈവചനമാണ് ...Matthew 24:23, Luke 17:23
അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
അനധികൃത സ്വത്ത് സമ്പാദനകേസ് , കൊലപാതകം , പീഡനം , എന്നിങ്ങനെ പല കേസുകളിൽ അറസ്റ്റു ചെയ്യപെട്ടുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെയും , രോഗസൗഖ്യ വിദക്തരെയും കാണുമ്പോൾ എനിക്ക് ഈ വചനം അറിയാതെ ഒരുമ വന്നത് തെറ്റായി നിങ്ങൾ കാണരുത് . ഈ പറയുന്ന മഹത് വ്യക്തികളുടെ ചുറ്റിലും കൂടി ഇടം വലം നടന്നു പ്രകീർത്തിക്കുന്ന വിശ്വാസികളെയാരെയും ഈ പറഞ്ഞവർ സുവിശേഷം പറഞ്ഞു നേടിയതല്ല ... മറ്റു ദൈവദാസന്മാർ കഷ്ടപ്പെട്ട് സുവിശേഷം പറഞ്ഞു മനസാന്തരപ്പെടുത്തി നേടിയെടുത്ത ഈ ആത്മാക്കൾ ഇത്തരം അത്ഭുതങ്ങൾക് പുറകെ ഓടി ഇത്തരക്കാരുടെ കൈകളിൽ എത്തി പെടുന്നത് പ്രാര്ഥനയെകുറിച്ചും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുന്നവർക്കു ലഭിക്കുന്ന ബൗതീക പ്രതിഫലത്തെ കുറിച്ചും ന്യൂ ജനെറേഷൻ സഭകൾ പഠിപ്പിക്കുന്ന വികലമായ കാഴ്ചപ്പാടുകൾ കൊണ്ടാണ് …
ജാതീയ വിശ്വാസം വിട്ടു പെന്തെകൊസ്ഥ് സഭയിലേക്കു വന്നാൽ ദൈവം നിന്റെ കഷ്ടപ്പാടുകൾ ഒക്കെ മാനിച്ച നിനക്കു ഈ ഭൂമിയിൽ സൗഭാഗ്യം കൊണ്ടുത്തരും എന്ന് പഠിപ്പിക്കേണ്ടവർ പഠിപ്പിച്ചു കേട്ടവർ അത് മാതൃ സഭയിൽ നിന്ന് കിട്ടാതെ വന്നപ്പോൾ അത്തരം സൗഭാഗ്യങ്ങളുടെ ബാക് ഡോർ ഏജന്റസിന്റെ പുറകെ പോകുന്നതിനെ തെറ്റ് പറയാൻ എനിക്കാവില്ല... കർത്താവിനെ അറിഞ്ഞു സേവിക്കുന്നവർക് ഈ ഭൂമിയിൽ കിട്ടുന്ന സവഭാഗ്യങ്ങളെ കുറിച്ച നമ്മുടെ ഇ സഭയിൽ പലവട്ടം പലരിൽ നിന്ന് ഞാൻ കേട്ടിട്ടുള്ളത് ഇതൊക്കെ തന്നെ ആണ് എന്ന് ഞാൻ ഓർക്കുന്നു... കർത്താവിനെ അറിഞ്ഞു ആരാധിച്ച അവന്റെ വഴിയിൽ നടക്കുന്നവർക് കിട്ടുന്ന നന്മകൾ ഈ പറയുന്ന ബൗതീക നന്മയല്ല .... അത് നിത്യ ജീവനും പരിശുദ്ധാത്മാവും മാത്രമാണ് ... അതിനേക്കാൾ വലിയ ഒരു നന്മയും ഇല്ലതാനും ..
കർത്താവു ചെയ്താ അത്ഭുതങ്ങളെ കുറിച്ചും അവനോടു ചോദിച്ചു വാങ്ങിയതിനെ കുറിച്ചും പഠിപ്പിക്കുന്നവർ , എന്തിനു വേണ്ടിയാണ് ചോദിച്ചപ്പോഴും , ചോദിക്കാതെയും കർത്താവു അത്ഭുതം കാണിച്ചുതന്നത് എന്ന് പഠിപ്പിക്കാതെ പോകുന്നു... കർത്താവു ബൗതീകമായാ അത്ഭുതങ്ങൾ കാണിച്ചത് തൻ ബൗതീക നന്മയുടെ ഹോൾ സെയിൽ ഏജന്റ് ആണ് എന്ന് കാണിക്കാനല്ല എന്ന് Matthew 11;20. വായിച്ചാൽ മനസ്സിലാവും. പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
കർത്താവിന്റെ അത്ഭുതങ്ങൾ മറ്റുള്ളവർക് മാനസാന്തരം ഉണ്ടാവാൻ വേണ്ടി ചെയ്തതെന്നു ... അല്ലാതെ കർത്താവിനെ പിന്പറ്റുന്നവർക്കുള്ള ബൗതീക നന്മകളുടെ സാമ്പിൾ വെടിക്കെട്ട് ആയിരുന്നില്ല അതൊന്നും.. നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ അത് നമുക് മനസാന്തരപ്പെടുവാനുള്ള ഒരു സൂചനയാണ് എന്നല്ലേ വചനം പറയുന്നത് ?
വീണ്ടും ഞാൻ വിഷയത്തിലേക്കു വരട്ടെ Matthew 6:25-34 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി”
സാധാരണയായി പ്രാർത്ഥനയുടെ ദൈർഗ്യവും , ആവശ്യങ്ങളുടെ ലിസ്റ്റും ,.... നമ്മുടെ ആഗ്രഹങ്ങൾക്കും, ആകുലതകളുടെ ആഴത്തിനും , ആരോഗ്യസ്ഥിതികും ബന്ധപ്പെട്ടു കിടക്കുന്നു .. നാളെ എന്നൊരു ദിവസം ലോകം അവസാനിക്കും എന്ന് ഉറപ്പായാൽ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ലിസ്റ്റിൽ ഒരേ ഒരു വിഷയം മാത്രമേ ഉണ്ടാവു എന്ന് എനിക്ക് തീർത്തു പറയുവാൻ കഴിയും ... ബാക്കിയാകുന്ന ആ ഒരു വിഷയം മറ്റൊന്ന്മല്ല
"കർത്താവെ ഞാൻ ചെയ്താ പാപങ്ങൾ എല്ലാം ക്ഷമിച്ചു തന്നു എന്നെ നിത്യ ജീവന് അവകാശമാക്കി സ്വർഗത്തിൽ അയക്കേണമേ " എന്ന് തന്നെ... ബാക്കി ഉള്ള നമ്മുടെ അനേകമായിരം പ്രാർത്ഥന വിഷയങ്ങൾ ആ ഒരു നിമിഷം കൊണ്ട് തുടച്ചു നീക്കപെടും ... ആർക്കും അക്കാര്യത്തിൽ സംശയം ഉണ്ടാവില്ല ... ????????????
അങ്ങനെ വരുമ്പോൾ നമ്മുടെ പ്രാർത്ഥന വിഷയങ്ങൾ മുഴുവൻ നാളെ എന്നൊരു ദിവസം ഉള്ളത് കൊണ്ടാണ് എന്ന് പറയേണ്ടി വരും ...
നിങ്ങളുടെ ആവശ്യങ്ങളുടെ ലിസ്റ്റിലേക് നോക്കിയിട് ഒന്ന് കൂടി ചിന്തിക്കു , അതിൽ എത്ര ആവശ്യങ്ങൾ ഇന്നെത്തെക്കുള്ളതെന്നു ? അതിൽ എത്ര ആവശ്യം നാളേക്ക് ഉള്ളതെന്ന് ? ആ ലിസ്റ്റിലെ പകുതിയെങ്കിയും ഇന്നത്തേക്കുള്ള ആവശ്യമാണോ?
അതിൽ എത്ര ആവശ്യങ്ങൾ ഭോതീകവും എത്ര ആവശ്യങ്ങൾ ആത്മീയവും ആണ് എന്ന് ഒന്ന് തരാം തിരിക്കു ... അതിൽ പകുതിയെങ്കിലും ആത്മാർഥമായി അതിമീയ ആവശ്യം ആണോ?
കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയും മുകളിൽ ഞാൻ വായിച്ചാ വാക്യങ്ങളും അക്ഷരം പ്രതി തുലനം ചെയ്യാൻ കഴിയുമ്പോൾ , തിരിഞ്ഞു നമ്മൾ നമ്മുടെ പ്രാർത്ഥനകളും ഈ വാക്യങ്ങളും ഒന്ന് തരതമ്യം ചെയ്യേണ്ടതുണ്ട് …നാളെയെ കുറിച്ച ആകുലപ്പെടുന്നത് നാം ലോകത്തെ സ്നേഹിക്കുന്നതുകൊണ്ടല്ലേ? അങ്ങനെ എങ്കിൽ നമേകുറിച്ച വചനം പറയുന്നത് ഇങ്ങനെയാണ്. 1 John 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ഈ വചനം സത്യമാകുന്നു എന്നറിയാൻ നമുക് ചുറ്റിലും ഒന്ന് നോക്കിയാൽ മതി .. നമുക്കു ചുറ്റും ഉള്ള സഭകളിലേക് നോക്കിയാൽ , ആത്മാഭിഷേകം ഉണ്ട് , അന്യഭാഷയുണ്ട് , പ്രവചനം ഉണ്ട് എന്നാൽ ദൈവത്തിന്റെ സ്നേഹം മാത്രം ആരിലും ഞാൻ കാണുന്നില്ല .... അതിനൊക്കെ പകരമായി, വെറുപ്പും വിധ്വേഷവും,മത്സരവും ഞാൻ കാണുന്നുണ്ട്
ആയതിനാൽ നമ്മുടെ പ്രാർത്ഥനകളിൽ നാളെകളെക്കാൾ കൂടുതൽ ഇന്നിനും , എപ്പോ ഈ ജീവനോടിരിക്കുന്ന നിമിഷത്തെ കുറിച്ചും ആവട്ടെ .
കർത്താവായ യേശു ക്രിസ്തു ദൈവ പുത്രനാണെന്നും , യെഹോവയായ ദൈവം ഏകനും ലോക സൃഷ്ടിതാവാണെന്നും വിശ്വസിക്കുകകൊണ്ടു, അത് വിശ്വസിച്ച കർത്താവിനെ ഭയപ്പെടുന്നത് കൊണ്ട് നമ്മൾ ക്രിസ്ത്യാനി ആകുമോ? അങ്ങനെ ചെയ്ക കൊണ്ട് നമ്മൾ വിശ്വാസി ആകുമോ? ആ ഒരു ഒറ്റ കാരണം കൊണ്ടല്ലേ നമ്മൾ പരസ്പരം വിശ്വാസികൾ എന്ന് അഭിസംബോധന ചൈയ്യുന്നത് ? അങ്ങനെ എങ്കിൽ നമ്മൾ സാത്താനെയും "വിശ്വാസി" എന്ന് വിളിക്കേണ്ടി വരിലെ?
James 2:19 : ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു
എന്തിനാണ് പെന്തോകൊസ്തു വിശ്വാസികൾ പള്ളികളിലും സുവിശേഷ യോഗങ്ങളിലും ഇത്ര ഉച്ചകത്തിൽ തന്റെ മുഴുവൻ ആരോഗ്യവും എടുത്ത് പ്രാർത്ഥിക്കുന്നത് ? മൈക് കൈയിൽ ഉള്ളപ്പോൾ എന്തിനു അതിത്ര ഉച്ചത്തിൽ കത്ത് പൊട്ടുമാറു ഉച്ചത്തിൽ വക്കണം ? 1500 ചതുരശ്ര അടി വലുപ്പമുള്ള പ്രാർത്ഥന ഹാളിൽ 5000w ശബ്‌ദത്തിൽ ഉള്ള മൈക്ക് എന്തിനു ? നമ്മുടെ കൂട്ടത്തിൽ ഉള്ളവർക്കു മാത്രം കേൾക്കാവുന്ന പാകത്തിൽ പതിയെ പ്രാർത്ഥിച്ചാൽ എന്തേ ദൈവം കേൾക്കില്ല ? നമ്മുടെ ദൈവം ബധിരനാണോ ? അതോ നമ്മുടെ പ്രാർത്ഥന അയല്പക്കത്തുള്ളവർ കേൾക്കാൻ വേണ്ടിയോ ? അതോ നമ്മൾ വലിയ ആത്മ നിറവുള്ളവരാണ് എന്ന് ചുറ്റുമുള്ളവരെ കാണിക്കാൻ വേണ്ടിയോ ? അങ്ങനെ പ്രാർത്ഥിക്കണം എന്ന് ബൈബിൾ പറയുന്നുണ്ടോ?
എങ്ങനെ പ്രാർത്ഥിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ് , അത് ഇവിടെ ചോദിക്കേണ്ട കാര്യം എന്താണെന്നു ചിന്തിക്കുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങൾ ജനിച്ച നാല് മുതൽ ഇങ്ങനെ ആണോ പ്രാർത്ഥിക്കുന്നത് ? വിജാതീയ സഭയിൽ നിന്ന് അല്ലെങ്കിൽ മറ്റു ക്രിസ്തവ സഭയിൽ നിന്ന് പെന്തകോസ്ത് വിശ്വാസത്തിൽ വന്നിട്ടുള്ളവർ ഉത്തരം പറയട്ടെ... അങ്ങനെ അല്ലായിരുന്നു നിങ്ങൾ പൂർവ്വാശ്രമത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നതെങ്കിൽ , ഇവിടെ പെന്തെകൊസ്ഥ് വിശ്വാസത്തിൽ വന്നതിനു ശേഷമാണു ഈ മാറ്റം എന്നുണ്ടെങ്കിൽ നിങ്ങനെ ആരോ അങ്ങനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു എന്നാണ് അർഥം ... അല്ല ദൈവ പ്രേരണയാണ് എന്നാണ് നിങ്ങ പറയുന്നത് എങ്കിൽ മറുപടി ഒരു വചനത്തിൽ ഒതുക്കുന്നു ..
Matthew 6:5-6 : നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. ഈ വചനവും ഞാൻ കൂടുതലും വായിച്ചു കേട്ടിട്ടില്ല ...
ഇപ്പോഴും ബൗതീകമായാ എണ്ണമറ്റ ആവശ്യങ്ങളുടെ ലിസ്റ്റ് പ്രാർത്ഥനയിൽ നിന്ന് കുറച്ച, ആത്മീയ വിഷയങ്ങൾക് വേണ്ടി കൂടുതൽ പ്രാർത്ഥിക്കാൻ ഇത്രയും വചനങ്ങൾ വായിച്ചാലും നമ്മൾ തയ്യാറാവില്ല .. കാരണം നിങ്ങളുടെ മനസ്സിലൂടെ പലവട്ടം ഇപ്പോൾ കടന്നു പോയേക്കാവുന്നതും ഞാൻ ആദ്യം വായിച്ച തുടങ്ങിയതുമായ വാക്യം തന്നെ … അതായത് മത്തായി: 7:7-11 വരെ “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” എന്ന് അവസാനിക്കുന്ന വാക്യം തന്നെ.
ആദ്യം ഞാൻ പറഞ്ഞത് പോലെ ,ഈ വചനം പഠിച്ചവരും, പഠിപ്പിച്ചവരും എല്ലാം ഈ "നന്മ" എന്ന വാക്കിൽ കയറി പിടിച്ച കർത്താവിനോടു ചോദിച്ചും, നിരാഹാരം ഇരുന്നും, കണ്ണീർ വാഴ്ത്തും, ഇനി കണ്ണീരു വന്നില്ലെങ്കിൽ കണ്ണീർ മനഃപൂർവം വരുത്തിയും നമ്മുടെ ബൗതീകമായാ ആവശ്യങ്ങൾ ചോദിച്ച വാങ്ങുന്നു അല്ലെങ്കിൽ ചോദിച്ചു വാങ്ങാൻ പഠിപ്പിക്കുന്നു ...
ബൈബിളിൽ എല്ലാ വാക്യത്തിനും ഇണയുമുള്ളതു കൊണ്ട് ഈ വാക്യവും ഇണയെ തന്നെ വച്ച് പഠിക്കാൻ ഞാൻ തീരുമാനിച്ച, അല്ലാതെ ഈ നന്മ എന്ന വക്കും പിടിച്ചോണ്ട് ദാവീദിന്റെയോ , ജോസെഫിന്റെയോ ജീവിതത്തിലേക്കു ഓടി , ആ ഭഗത് എവിടെ എങ്കിലും നന്മ എന്നെ വാക്കുണ്ടെങ്കിൽ അതും പിടിച്ച എന്തേലും ഒക്കെ പറയുന്ന സ്ഥിരം പെന്തെകൊസ്ഥ് ഏർപ്പാട് എനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടാവാം ഞാൻ അങ്ങനെ ചിന്തിച്ചത്.. മുൻപ് പറഞ്ഞത് പോലെ വിദ്യാഭാസം കുറച്ച കൂടിയത് കൊണ്ടാവും ലൂക്കോസ് ഈ വിഷയം കുറച്ചു കൂടി വ്യക്തമായി പറഞ്ഞത് … ലൂക്കോസ് 11:9.
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” എന്ന് അവസാനിക്കുന്നതായി കാണാം.
മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങളും , ലൂക്കോസിന്റെ സുവിശേഷത്തിലെ വാക്യങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാൽ കാണുന്ന ഒരേ ഒരു വ്യത്യാസം മത്തായി പറഞ്ഞ "നന്മ" എന്ന വാക്കിന് പകരം "പരിശുദ്ധാത്മാവ്" എന്ന് ഉപയോഗിച്ചിരിക്കുന്നു എന്നത് മാത്രമാണ്
മത്തായി പറഞ്ഞ ആ നന്മ എന്നുള്ളത് പരിശുദ്ധാത്മാവ് തന്നെ ആണ്എന്ന് ലൂക്കോസ് വ്യക്തമാക്കുന്നു .. അല്ലാതെ നമ്മളിൽ പലരും വിശ്വസിക്കും പോലെ ബൗതീക നന്മയല്ല. … പരിശുദ്ധാത്മാവ് തന്നെ ആണ് ക്രിസ്തുവിന്റെ അനുയായികളായ നമ്മുക് കിട്ടാവുന്ന ഏറ്റവും വലിയ നന്മയും.. അതിനെ പറ്റി ഞാൻ വിശദീകരിക്കുന്നില്ല …
ഇപ്പോൾ നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും , നമ്മൾ കണ്ണീരോടും, ഉപവാസത്തോടും കർത്താവിന്റെ മുൻപിൽ ഇരിക്കുന്നത് ബൗതീക നന്മകൾക് അല്ല , നമുക് മുൻപിൽ നിൽക്കുന്ന വലിയ പ്രതിബന്ധത്തിൽ നിന്ന് അല്ലെങ്കിൽ ഞങ്ങൾ നേരിടുന്ന പോരാട്ടത്തിൽ നിന്ന് വിടുതൽ കിട്ടുവാൻ വേണ്ടിയാണു എന്ന്
വിശ്വാസി എന്ന് സ്വയം വിളിക്കുകയും ഒരു പ്രതിബന്ധം ജീവിതത്തിൽ വരുമ്പോഴേക്കും കരഞ്ഞു നിലവിളിച്ചു കർത്താവിന്റെ മുന്നിലേക്ക് നാം ഓടുന്നതിന്റെ അർഥം ആ പ്രതിമബന്ധത്തിൽ നാം പതറി പോയി എന്നല്ലേ? ഒരിക്കൽ പത്രോസ് കടലിനു മീതെ നടന്നപ്പോഴും....കാറ്റും കടലും ഒന്ന് ക്ഷോഭിച്ചപ്പോൾ കർത്താവു അമരത്തു ഉണ്ടായിരുന്നിട്ടും ശിഷ്യന്മാർ ഭയന്ന നിലവിളിച്ചപ്പോഴും , യേശു അന്ന് പറഞ്ഞത് തന്നെ ആവും ഇന്ന് നമ്മൾ നമ്മുടെ കണ്ണുനീരും വ്യാകുലതകളും കൊണ്ട് കർത്താവിന്റെ മുന്പിലേക് ഓടിച്ചെല്ലുന്നതു കാണുമ്പോൾ കർത്താവിനു പറയാനുള്ളത് … "അല്പവിശ്വാസികളെ നിങ്ങൾ എന്തിനു ഭയപ്പെട്ടു" അല്ലെങ്കിൽ "നിങ്ങളുടെ വിശ്വാസം എവിടെ " എന്ന ചോദ്യം തന്നെ ആയിരിക്കും ... കർത്താവിൽ വിശ്വസിച്ച ആത്മാഭിഷേകം കിട്ടിയ ഇതേ ശിഷ്യന്മാർ പിന്നീട് വാളിന്റെ വായ്ത്തലയെ പോലും ഭയന്നിരുന്നില്ല എന്ന് വചനത്തിൽ കാണുന്നു... എന്നാൽ നമ്മുടെ കൂട്ടത്തിൽ ആത്മാഭിഷേകം കിട്ടിയവർക്കാണ് കൂടുതൽ ആവലാതിയും അങ്കലാപ്പും കാണുവാൻ എനിക്ക് സാധിക്കുന്നത് എന്നത് ഒരു വിരോധാഭാസം ആയി എനിക്ക് തോന്നുന്നു
പിന്നെ വേറെ ഒരു തരാം പ്രാർത്ഥന ഞാൻ കേട്ടിട്ടുണ്ട്, "പ്രതികാരം ദൈവത്തിനുള്ളത്, ദൈവം ശത്രുവിന്റെ തകർത്ത നിനക്കു സമാധാനം തരും " എന്ന അർത്ഥത്തിലുള്ള പഠിപ്പിക്കൽ കേട്ടിട്ട് ശത്രുവിന്റെ തലതകർത്തു കാണാൻ വേണ്ടി മുട്ടിപ്പായി കർത്താവിന്റെ മുൻപിൽ കണ്ണീരോടെ ഇരിക്കുന്ന തരം പ്രാർത്ഥന... ഒരു വർഷത്തിൽ 52 ആഴ്ചയുണ്ടെങ്കിൽ, 50 ആഴ്ചയിലും പഠിപ്പിക്കുന്നത് , കണ്ണീരോടെ പ്രാർത്ഥിക്കാനും , ശത്രുവിന്റെ തല ദൈവം തകർക്കും എന്നുമാണ്.. അത്തരം പ്രാര്ഥനകൾക് ഉത്തരം കിട്ടി എന്നുള്ള ചില സാക്ഷ്യങ്ങൾ ഞാൻ നമ്മുടെ സഭയിൽ നിന്ന് കേൾക്കാൻ ഇടയായി...പഴയ നിയമ പുസ്തകവും , ദാവീദിന്റെ ജീവചരിത്രവും വച്ചുകൊണ്ടു കർത്താവിനു കാശുമുടക്കാതെ കൊടുക്കുന്ന കൊട്ടേഷനായി നമ്മൾ പ്രാർത്ഥനയെ കാണാറില്ലേ? നമ്മിൽ എത്രപേർ ശത്രുവിനെ തകർക്കാൻ പ്രാര്ഥിക്കുന്നതിനു പകരം , ശത്രു തന്റെ ദുഷ്ടത വിട്ടു തിരിഞ്ഞു , മാനസാന്തരപ്പെട്ട് നമ്മോടു ചേർന്നു വരുവാൻ പ്രാര്ഥിക്കാറുണ്ട് ? അല്ലെങ്കിൽ പഠിപ്പിക്കാറുണ്ട്? പഴയനിയമം പഠിപ്പിക്കുന്നത്, ശത്രുവിനെ വെറുക്കാനും തകർക്കാനും അല്ല, ശത്രുവിനെ സ്നേഹിക്കാൻ തന്നെയാണ് അത് പറയുന്നത് .. തിന്മക് പകരം നന്മ ചൈയ്യാൻ തന്നെയാണ്.... ശത്രുവിനോട് ക്ഷമിച്ചു അവനു മനസാന്തരപ്പെടാൻ അവസരം കൊടുക്കാൻ തന്നെയാണ് ...അല്ലായിരുന്നെങ്കിൽ ശത്രുവിനെ സ്നേഹിക്കാൻ കർത്താവ് പഠിപ്പിച്ചപ്പോൾ ന്യായപ്രമാണ ലങ്കനം ആകുമായിരുന്നു ..
പ്രാർത്ഥന എന്തവരുത് എന്നു ഞാൻ പറഞ്ഞു കഴിഞ്ഞു .. ഇനി നമ്മൾ അങ്ങനെ ഒക്കെ പ്രാർഥിച്ചത് കൊണ്ടാണോ നമ്മുടെ പ്രാത്ഥനകൾക് ഉത്തരം കിട്ടാതെ പോകുന്നത് എന്ന് വചനത്തിന്റെ ടിസ്ഥാനത്തിൽ ചിന്തിക്കേണ്ടതുണ്ട്
മക്കൾ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത് കാണാൻ ഇഷ്ടപെടുന്ന പിതാവാണ് എങ്കിൽ, എന്ത് തന്നെ ആയാലും നമ്മുടെ ആഗ്രഹം നമ്മൾ ആഗ്രഹിച്ചപോലെ നടക്കും …
നമ്മുടെ പിതാവായ ദൈവം മക്കളെ മക്കളുടെ ഇഷ്ടത്തിന് വളർത്തുന്ന ന്യൂ ജെനറേഷൻ പിതാവല്ലാത്തതു കൊണ്ട് നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം കിട്ടുന്നില്ല . വിശദമായി പറഞ്ഞാൽ ,
നമ്മുടെ പ്രാര്ഥനക് ഉത്തരം കിട്ടാതെ പോകുന്നത്തിനു 2 കാരണങ്ങൾ ഉണ്ട്
1 . നമ്മുടെ ആഗ്രഹം ശരിയല്ലാത്തതാവുമ്പോൾ, അതായത് ആ ആഗ്രഹങ്ങൾ പിതാവിന് ഇഷ്ടമുള്ളതല്ലാതാവുമ്പോൾ , അല്ലെങ്കിൽ ആ ആഗ്രഹത്തിന് നമ്മൾ അർഹരല്ലാതെ വരുമ്പോൾ
2. ആഗ്രഹം ജഡീകം ആകുമ്പോൾ ….
ഈ രണ്ടു കാര്യങ്ങൾക്കും വചനത്തിൽ നിന്ന് തെളിവ് തരേണ്ടതുണ്ട്
(1) 1 John 5:14 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
മലയാളത്തിൽ വായിക്കുമ്പോ കുറച്ച സംശയത്തിന് ഇടയാക്കിയാലും, ഇംഗ്ലീഷ് വേർഷനിൽ ഒരു സംശയത്തിനും ഇടയില്ല ..
KJV: And this is the confidence that we have in him, that, if we ask any thing according to his will, he heareth us:
(2) James: 4:3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
നമ്മുടെ പ്രാർത്ഥനകൾ ജഡീകമായ ആവശ്യങ്ങൾക്ക് ആകുമ്പോൾ ഉത്തരങ്ങൾ കിട്ടാതെ പോകുന്നു എന്ന് വചനം തന്നെ പറയുന്നു . ആയതു കൊണ്ട് നമ്മുടെ പ്രാർത്ഥനകൾ നാളെയെകുറിച്ച വ്യാകുലപ്പെട്ട അമിതമായ ജഡീക ആവശ്യങ്ങൾക് അല്ലാതെ, അന്നന്നത്തെ ആവശ്യങ്ങൾക്കും, ആത്മീയ വര്ധനവിനും , ക്രിസ്തീയ ജീവിതം ഓടി തീർക്കുവാൻ , നല്ല ഓട്ടം തികക്കുവാൻ , പരീക്ഷാളെ നേരിടാനും ഉള്ള സ്വർഗീയ ശക്തി ലഭിക്കുന്നതിനാവട്ടെ എന്നും ഞാൻ ആശിക്കുന്നു.
ഇത്രയൊക്കെ വചനങ്ങൾ കൃത്യമായി പറഞ്ഞാലും ജഡീക മോഹങ്ങൾ പൂർണമായി മരിക്കാത്ത നമ്മുടെ മനസ്സ് ഇതൊന്നും ഉൾക്കൊള്ളാനാവാതെ സ്വയം ന്യായീകരിക്കാൻ Philippians 4:6-7 പോലുള്ള വാക്യങ്ങളും പൊക്കി പൊക്കി പിടിച്ച കൊണ്ട് വരും ... മേല്പറഞ്ഞ വചനം ഇങ്ങനെയാണ്.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
അങ്ങനെ ഉള്ള മനസ്സുകളോട് എനിക്ക് പറയാനുള്ളത്
1 . വചനം ആദ്യമേ പറഞ്ഞുകഴിഞ്ഞു നമ്മുടെ ആഗ്രഹങ്ങൾ ദൈവം മുൻകൂട്ടി അറിയുന്നു എന്ന്. പിന്നെ അറിയിക്കേണ്ട ആവശ്യം ഉണ്ടോ ?
2 . ഈ വചനം ആരംഭിക്കുന്നത് തന്നെ " വിചാരപ്പെടരുത് " എന്ന് പറഞ്ഞു കൊണ്ടാണ്..
3 . എന്നിട്ടും ലേഖനത്തിൽ ഈ വചനം എഴുതിയിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണം ഉണ്ട് .. അത് മറ്റൊന്നും അല്ല , ഉപേക്ഷണപത്രം കൊടുത്ത ഭാര്യയെ ഉപേക്ഷിക്കാനും , ശത്രുവിനെ പകക്കാനും മോശ എന്തുകൊണ്ട് ഇസ്രായേൽ ജനത്തെ പഠിപ്പിച്ചുവോ അതെ കാരണം തന്നെ ആയിരിക്കാം വചനം ഇങ്ങനെ കൂടി പറഞ്ഞിരിക്കുന്നത് . അതായത് നമ്മുടെ ഹൃദയ കാടിന്ന്യം കൊണ്ട് തന്നെ ..
ഒരു കാര്യം ഞാൻ കൂടെ വൽകഷ്ണം ആയി പറഞു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു …
നമ്മൾ ചോതിക്കുന്നതെല്ലാം ചോദിക്കുന്ന സമയത് ചോദിക്കുന്ന പോലെ തരാൻ പിതാവായ ദൈവം അലാവുദീന്റെ അത്ഭുതവിളക്കിലെ അടിമയായ ഭൂതം അല്ല ... അവൻ നമ്മെ സൃഷ്ടിച്ചവനും , നമ്മുടെ പിതാവും ആണ് എന്ന് പ്രാർത്ഥിക്കുമ്പോൾ ഓർത്താൽ തീരാവുന്ന പ്രശ്നമേ നമ്മുക്കുള്ളൂ ...
നന്ദി
Reference
Jeremiah 1:5 (നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.)
Jeremiah 29:11 (നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.)
John.9;6.
ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി
“നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
John.6;5
യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: “ഇവർക്കു തിന്നുവാൻ നാം എവിടെനിന്നു അപ്പം വാങ്ങും” എന്നു ചോദിച്ചു.
John 5;5
എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗംപിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു
John . 2;7 .
യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു
Comments
Post a Comment