*ആണ്ടുപ്രവേശന ശുശ്രൂഷ അഥവാ അന്യദേവ ആരാധന*
*പെന്തകൊസ്തു മതത്തില്‍ സര്‍വവ്യാപകമായി ആചരിക്കപ്പെടുന്ന ഒന്നാണ് ആണ്ടുപ്രവേശന ശുശ്രൂഷ. ഇത് എങ്ങനെയാണ് നടത്തപ്പെടുന്നത്? ഇത് എങ്ങനെയാണ് അന്യദേവ ആരാധനയായി മാറുന്നത്? നമുക്ക് നോക്കാം*
ആണ്ടുപ്രവേശന ശുശ്രൂഷ / നവവത്സര പ്രവേശനം
പെന്തകൊസ്തില്‍ ഇപ്പോള്‍ വളരെ പ്രസിദ്ധി ആര്‍ജ്ജിച്ച ഒരു ആചാരമാണ് ആണ്ടു പ്രവേശന ശുശ്രൂഷ. പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഈ ‘ശുശ്രൂഷ’ നടത്തപ്പെടുന്നത്. ഡിസംബര്‍ 31 വൈകിട്ടോടെ എല്ലാവരും ആലയത്തില്‍ സമ്മേളിക്കുന്നു. ഉപവാസത്തോടെ ആയിരിക്കും സാധാരണ ഇത് നടത്തപ്പെടുക. പ്രസംഗവും സാക്ഷ്യവും പാട്ടിനും ഒക്കെ ശേഷം കൃത്യം പന്ത്രണ്ടു മണിയോടടുക്കുമ്പോള്‍ തീവ്രമായി കയ്യടിച്ചുള്ള ആരാധന നടക്കുന്നു. സാധാരണ 11:55 മുതല്‍ 12:05 വരെയാണ് ഇത് സംഭവിക്കുക. ചില ഇടങ്ങളില്‍ ഈ പത്ത് മിനിട്ട് അന്യഭാഷക്കായി മാറ്റി വച്ചിട്ടുണ്ട്. ചിലര്‍ കൃത്യം പന്ത്രണ്ടു മണിക്ക് ആണ്ടു പ്രവേശന പ്രഖ്യാപനം നടത്തുന്നു. ചിലര്‍ ആര്‍പ്പു വിളികളോടെ പുതിയ വര്‍ഷത്തെ സ്വീകരിക്കുന്നു. ചില ഇടങ്ങളില്‍ എല്ലാവരും എഴുന്നേറ്റു നിന്ന് പന്ത്രണ്ടു മണി അടിക്കുമ്പോള്‍ വലതുകാല്‍ ഒരുമിച്ചു മുന്നോട്ടു വയ്ക്കുന്ന രീതിയുമുണ്ട്. ചിലര്‍ കാല്‍ കഴുകല്‍ ശുശ്രൂഷ ഇതോടൊപ്പം നടത്താറുണ്ട്. ചിലര്‍ ബൈബിള്‍ വാചകങ്ങള്‍ ‘കുലുക്കിക്കുത്തി’ അടുത്ത വര്‍ഷത്തെക്കുള്ള തങ്ങളുടെ ഭാവി ‘അറിയാന്‍’ ശ്രമിക്കുന്നു. ചില സ്ഥലങ്ങളില്‍ രാവിലെ വരെ ശുശ്രൂഷ ഉണ്ടായിരിക്കും. ചിലര്‍ ന്യൂ ഇയര്‍ സമ്മാനങ്ങള്‍ കൈ മാറുന്നു. നല്ല ശാപ്പാടോടുകൂടി കൂടി ഈ മഹാമഹം സമംഗളം പര്യവസാനിക്കുന്നു.
*ജാനുസ് ദേവനും പുതുവത്സരവും*
പ്രാചീന റോമ മതത്തിലെ ഒരു ദേവനാണ് ജാനുസ് (Janus). ആരംഭം, വാതില്‍, ഗേറ്റ്, വഴി, സമയം മുതലായവയുടെ ദേവനാണ് ജാനുസ്. ഇന്ത്യയില്‍ ഗണപതിയെ കാണുന്നത് പോലെ വിഘ്നങ്ങള്‍ മാറ്റുന്ന ദേവനായും ജാനുസ് സങ്കല്പ്പിക്കപ്പെട്ടിരുന്നു. ജാനുസിനു രണ്ടു തലയുണ്ട്. ഗ്രീക്കുകാര്‍ ഈ ദേവനെ വിളിച്ചിരുന്നത് ഇയാനുസ് (Ianus) എന്നാണു. ജാനുസ് ദേവന് ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് നഗര കവാടത്തിലും മറ്റും ജാനുസ് ദേവ വിഗ്രഹങ്ങള്‍ വച്ച് പൂജിച്ചിരുന്നു.
റോമാക്കാരുടെ എല്ലാ മാസവും ഏതെങ്കിലും ദേവനുമായി ബന്ധപ്പെട്ടതായിരിക്കും. ബി. സി. ആറാം നൂറ്റാണ്ടില്‍ നൂമാ പോമ്പിലിയസ് (Numa Pompilius) എന്ന രാജാവ് ജാനുവരി, ഫെബ്രുവരി എന്നീ മാസങ്ങള്‍ ആദ്യം വരുന്ന രീതിയില്‍ കൂട്ടി ചേര്‍ത്തു. അതുവരെ മാര്‍ച്ച് ആയിരുന്നു റോമാക്കാരുടെ ആദ്യമാസം. ജാനുസ് ദേവഭക്തനായിരുന്ന നുമാ രാജാവ് ആദ്യ മാസത്തെ ജാനുസ് ദേവന് സമര്‍പ്പിച്ചു കൊണ്ട് ജാനുവരി (January) എന്ന പേരിട്ടു. ഇത് യൂറോപ്പിലേക്കും മറ്റും വ്യാപിക്കുകയും സര്‍വവ്യാപകമായി ജാനുസ് ദേവന്റെ മാസം വര്‍ഷത്തിലെ ഒന്നാം മാസമായി പരിഗണിക്കപ്പെടുകയും ചെയ്തു. ബി. സി. 42-ഇല്‍ റോമന്‍ സെനറ്റ് ഈ കലണ്ടര്‍ രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചു.
ജാനുവരി മാസം ജാനുസ് ദേവന്റെ മാസം ആണെങ്കില്‍ അതിന്റെ ഒന്നാം തീയതി ജാനുസ് ദേവന്റെ പിറന്നാളായി ആചരിക്കാന്‍ തുടങ്ങി. ബി. സി. 153 – ല്‍ ആണ് ആദ്യമായി ജാനുസ് ദേവന്റെ ഉത്സവം ആചരിക്കാന്‍ തുടങ്ങിയത്. ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു ആഘോഷം. ജാനുവരി ഒന്നാം തിയതി ആണ് ഉത്സവം ആരംഭിക്കുന്നത്. ജാനുസ് ദേവന് പാട്ടും ആര്‍പ്പും നൃത്തവും ആയി പിറന്നാള്‍ ആഘോഷിക്കുന്നു. തീ കത്തിക്കുന്നത് എളുപ്പം അല്ലാതിരുന്ന അക്കാലത്ത് കെടാവിളക്ക് മിക്ക ഭവനത്തിലും ഉണ്ടായിരുന്നു. ജാനുവരി ഒന്നാം തിയതി പഴയ തീ കെടുത്തി പുതിയത് കത്തിച്ചിരുന്നു. വിശുദ്ധ വൃക്ഷക്കൊമ്പുകള്‍ ആണ് മറ്റുള്ളവര്‍ക്ക് ന്യൂ ഇയര്‍ സമ്മാനം. (World Book, 2001). ജാനുസ് ദേവന്റെ മുദ്രയുള്ള നാണയങ്ങളും സമ്മാനമായി നല്‍കിയിരുന്നു. വലിയ വിരുന്നും സദ്യയും നടത്തപ്പെട്ടിരുന്നു.
*ആണ്ടുപ്രവേശന ശുശ്രൂഷ ജാനുസ് ദേവന്റെ ആരാധന തന്നെ അല്ലെ?*
ആണ്ടു പ്രവേശന ആഘോഷം തന്നെ പ്രാകൃത മതത്തില്‍ നിന്ന് ഉത്ഭാവിച്ചതാനെന്നു മനസ്സിലായല്ലോ. അമേരിക്കയില്‍ ജാനുസിന്റെ പിറന്നാള്‍ ദിനം അഥവാ ന്യൂ ഇയര്‍ ഔദ്യോഗിക ആഘോഷം ആണ്. *അമേരിക്കയില്‍ ഉത്ഭവിച്ച പെന്തകോസ്ത് മതം അത് ഏറ്റു പിടിച്ചു പ്രാകൃത ദേവനുള്ള ആരാധന അര്‍പ്പിക്കുന്നു. ജാനുസ് ദേവന്റെ മുദ്രയുള്ള നാണയങ്ങള്‍ക്ക് പകരം സമ്മാനങ്ങള്‍ കൈമാറുന്നു. അങ്ങനെ പെന്തകൊസ്തുകാര്‍ ജാനുസ് ദേവന്റെ പിറന്നാള്‍ സാഘോഷം കൊണ്ടാടുന്നു*
ലോകത്തെമ്പാടും പല രീതിയില്‍ ഉള്ള കലണ്ടറുകള്‍ നിലവില്‍ ഉണ്ട്. കേരളത്തില്‍ തന്നെ കൊല്ലവര്‍ഷ കലണ്ടര്‍ നിലവില്‍ ഉണ്ട്. മറ്റു കലണ്ടറുകള്‍ നോക്കാതെ ഗ്രിഗോറിയന്‍ കലണ്ടര്‍ (ജാനുവരി, ഫെബ്രുവരി … എന്നിങ്ങനെയുള്ള കലണ്ടറിനെ അങ്ങനെയാണ് വിളിക്കുന്നത് ) നോക്കി ആദ്യ മാസത്തില്‍ തന്നെ ആണ്ടുപ്രവേശന ശുശ്രൂഷ നടത്തുന്നത് എന്ത്? എന്തുകൊണ്ട് ചിങ്ങം ഒന്നാം തിയതി ഈ ശുശ്രൂഷ നടത്തുന്നില്ല? എന്തുകൊണ്ട് ബൈബിളില്‍ ദൈവം തരുന്ന വര്‍ഷ കണക്കുകള്‍ എടുക്കുന്നില്ല? “ഈ മാസം (നീസാന്‍) നിങ്ങള്‍ക്ക് മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കണം.” (പുറ 12:1). സംശയമുണ്ടോ? ജാനുസ് ദേവന്റെ ആരാധന അര്‍പ്പിക്കുക എന്ന അമേരിക്കന്‍ പാരമ്പര്യം പിന്തുടരുന്നു. അത്രതന്നെ!
*ആണ്ടുപൂജ എന്ന ഹൈന്ദവ ആചാരം*
പ്രാചീന ഹൈന്ദവ മതത്തില്‍ ഉള്ള ഒരു ആചാരമാണ് ആണ്ടു പൂജ എന്നുള്ളത്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഇത് നടത്തപ്പെടുന്നു. ആദിവാസി ഗോത്രങ്ങളില്‍ വരെ ഇത്തരം ആണ്ടു പൂജകള്‍ നടത്തപ്പെടുന്നുണ്ട്. വിവിധ കുടുംബ യോഗങ്ങളും ആണ്ടുപൂജ നടത്താറുണ്ട്. വിവിധ പൂജകള്‍ നടത്തുക, കുരവ ഇട്ട് ‘മൂധേവി’യെ ഓടിക്കുക, നാളികേരം മുതലായവ നൈവേദിക്കുക, വിവിധ കലാരൂപങ്ങളായ നൃത്തവും പാട്ടും മറ്റും അവതരിപ്പിക്കുക, മറ്റുള്ളവര്‍ക്ക് പുടവയും മറ്റും സമ്മാനങ്ങള്‍ ആയി നല്‍കുക, അന്നദാനം നടത്തുക മുതലായവ ആണ്ടു പൂജയുടെ ഭാഗങ്ങള്‍ ആണ്. ചുരുക്കത്തില്‍ ഇതൊക്കെ തന്നെയല്ലേ പെന്തകൊസ്തില്‍ വര്‍ഷാരംഭ ശുശ്രൂഷയിലൂടെ നടത്തുന്നതും?
*ബൈബിള്‍ എന്ത് പറയുന്നു ?*
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ജാതികളുടെ വഴി പഠിക്കരുതു … ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു” (യിരെ 10: 2, 3)
“നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.” (ലേവ്യ 18:3)
“ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈമ്ലേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യ 18:30)
*ദൈവം കലക്കത്തിന്റെ ദൈവമല്ല*
“ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” [For God is not the author of confusion, but of peace] (1 കോരി 14:33). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ akatastasia‘ എന്ന ഗ്രീക്ക് പദത്തിനു നല്‍കുന്ന അര്‍ഥങ്ങള്‍ instability, a state of disorder, disturbance, confusion എന്നതൊക്കെയാണ്.
പുതുവത്സരത്തിന്റെ ചരിത്രവും ഇപ്രകാരം കലക്കവും അവ്യക്തതയും നിറഞ്ഞതാണ്. റോമ രാജ്യത്തില്‍ ആദ്യം മാര്‍ച്ച് ഒന്നായിരുന്നു പുതുവത്സരം. പിന്നീട് അത് ജാനുവരി ഒന്നാക്കി. അതുപോലെ പല സ്ഥലങ്ങളിലും പല കലണ്ടറുകള്‍ ഉണ്ട്. കേരളത്തില്‍ ശക വര്‍ഷ കലണ്ടര്‍ ഉണ്ട്. മുസ്ലീം സഹോദരങ്ങള്‍ ഉപയോഗിക്കുന്ന ഹിജ്ര കലണ്ടര്‍ ഉണ്ട്. ചൈനക്കാര്‍ക്ക് മറ്റൊരു കലണ്ടര്‍ ആണ് ഉള്ളത്. ഇവയില്‍ എല്ലാം ഓരോ പുതു വത്സരങ്ങള്‍ ഉണ്ട്. അവയൊന്നും ജാനുവരി ഒന്നാം തീയതി അല്ല. അതുകൊണ്ട് തന്നെ ന്യൂ ഇയര്‍ എന്ന ദിവസം തന്നെ അവ്യക്തമാണ്. ഒരു പ്രത്യേക ദിവസത്തെ അങ്ങനെ കണക്കാക്കാന്‍ കഴിയില്ല. സര്‍വശക്തനായ ദൈവം അവ്യക്തതയുടെ ദൈവം അല്ല. അവനെന്തിന് ആണ്ടു പ്രവേശനം?
“നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.” (ഗലാ 4: 10, 11).
*വചനം എന്തൊക്കെ പറഞ്ഞാലും ക്രിസ്തുമസിനെ തമ്മൂസ്, സൂര്യന്‍ ഇത്യാദി ദേവന്മാരുടെ പിറന്നാള്‍ ആയി വ്യാഖ്യാനിക്കുന്ന മാന്യന്മാര്‍ക്കു ജാനുസ് ദേവന്റെ പിറന്നാള്‍ മാത്രം തികച്ചും വചനാനുസൃതം! ‘വെറും നന്ദി പറയല്‍ മാത്രം’ എന്ന ന്യായവും!! കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!*
ഉപസംഹാരം
പെന്തകോസ്ത് മതത്തിലെ ആണ്ടു പ്രവേശന്‍ ശുശ്രൂഷ എന്നത് ജാനുസ് ദേവന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഉത്സവത്തിന്റെ ആധുനിക ആവിഷ്കാരം ആണെന്ന് നാം കണ്ടു. ഇത് ദൈവത്തിനു നിരക്കാത്തതാണെന്ന് ബൈബിള്‍ സുവ്യക്തമായി പറയുന്നു. അപ്പോസ്തോലിക സഭയിലെ വിശ്വാസങ്ങള്‍ പ്രാകൃതമാണെന്ന് ആരോപിക്കുന്നവര്‍ ആദ്യം സ്വയം പരിശോധിക്കട്ടെ. ക്രിസ്തുമസ്, ഈസ്റ്റര്‍ മുതലായവ പ്രാകൃത മതത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്ന് ആരോപിക്കുന്നവര്‍ ആദ്യം ഇത്തരത്തിലുള്ള ആണ്ടാരംഭം എന്ന പ്രാകൃത ആരാധന ഉപേക്ഷിക്കട്ടെ.
ബാദ്ധ്യതാനിരാകരണം:
ഈ ലേഖനം ആരെയും വേദനിപ്പിക്കാനോ ഒരു വിഭാഗത്തെയും കരിവാരി തേയ്ക്കാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല; മറിച്ച് നവീന സഭകള്‍ അപ്പോസ്തോലിക സഭകള്‍ക്ക് നേരെ ഉയര്‍ത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതേ നാണയത്തില്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമില്ലായ്മ തുറന്നുകാട്ടാനും ആണ്....
Credits: WhatsApp
Comments
Post a Comment